കാസര്‍കോട് മെഡിക്കല്‍ ചരിത്രത്തില്‍ പുതിയ അധ്യായം; ആദ്യ ‘CONE BEAM CT’ ഗൈഡഡ് ശ്വാസകോശ ബയോപ്‌സി ആസ്റ്റര്‍ മിംസില്‍ വിജയം

കാസര്‍കോട് മെഡിക്കല്‍ ചരിത്രത്തില്‍ പുതിയ അധ്യായം; ആദ്യ ‘CONE BEAM CT’ ഗൈഡഡ് ശ്വാസകോശ ബയോപ്‌സി ആസ്റ്റര്‍ മിംസില്‍ വിജയം

കാസര്‍കോട്: അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സങ്കീര്‍ണ്ണമായ ശ്വാസകോശ ബയോപ്‌സി നടപടിക്രമം വിജയകരമായി പൂര്‍ത്തിയാക്കി കാസര്‍കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ജില്ലയില്‍ ആദ്യമായാണ് Cone Beam CT (CBCT) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബ്രോങ്കോസ്‌കോപ്പിക് ലങ് ബയോപ്‌സി സംഘടിപ്പിക്കുന്നത്. ആസ്റ്റര്‍ മിംസിലെ പള്‍മണോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ശ്രാവണ്‍ കുമാര്‍, പള്‍മണോളജി വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. വിഷ്ണു ജി കൃഷ്ണന്‍, എന്നിവര്‍ ബയോപ്‌സി നടപടികള്‍ക്ക് നേതൃത്വം നല്‍കി. അനസ്തീഷ്യ വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ഋത്വിക് എസ് നമ്പീശന്‍ രോഗിക്ക് ആവശ്യമായ വിദഗ്ധ പരിചരണം ഉറപ്പാക്കി. ഇവര്‍ക്കൊപ്പം എന്‍ഡോസ്‌കോപ്പി, കാത്ത് ലാബ് വിഭാഗങ്ങളിലെ വിദഗ്ധരായ ടെക്‌നീഷ്യന്‍മാരും ഈ നേട്ടത്തില്‍ പങ്കാളികളായി.

രണ്ട് മാസം മുമ്പ് ബൈപാസ് സര്‍ജറിക്ക് (CABG) വിധേയയായ 68 വയസ്സുകാരിയിലാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്. ശ്വാസത്തിലൂടെ രക്തം പോകുന്ന (Hemoptysis) ഗുരുതരമായ ലക്ഷണങ്ങളുമായാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ സിടി സ്‌കാനിംഗില്‍ ശ്വാസകോശത്തിന്റെ മുകള്‍ ഭാഗത്ത് (Apical Segment of Right Upper Lobe) ഒരു മുഴ കണ്ടെത്തുകയായിരുന്നു.

ഹൃദ്രോഗ സംബന്ധമായ മരുന്നുകള്‍ (Antiplatelet therapy) കഴിക്കുന്ന രോഗിയായതിനാല്‍ അതീവ ജാഗ്രതയോടെയാണ് ചികിത്സാ നടപടികള്‍ സ്വീകരിച്ചത്. കാര്‍ഡിയോളജി വിഭാഗത്തിന്റെ അനുമതിയോടെ മരുന്നുകള്‍ താല്‍ക്കാലികമായി ക്രമീകരിച്ച ശേഷം, കാത്ത് ലാബില്‍ വെച്ച് ജനറല്‍ അനസ്തീഷ്യ നല്‍കിയാണ് ബയോപ്‌സി നടത്തിയത്.

സാധാരണ ബ്രോങ്കോസ്‌കോപ്പി വഴി എത്താന്‍ പ്രയാസമുള്ള ശ്വാസകോശത്തിന്റെ ഉള്‍ഭാഗങ്ങളിലെ മുഴകളില്‍ നിന്ന് കൃത്യമായ സാമ്പിള്‍ ശേഖരിക്കാന്‍ Cone Beam CT ഗൈഡന്‍സ് സഹായിച്ചു. തത്സമയ ത്രീഡി ദൃശ്യങ്ങള്‍ ലഭ്യമാകുന്ന ഈ സാങ്കേതികവിദ്യ വഴി അതീവ കൃത്യതയോടെയും സുരക്ഷിതമായും ബയോപ്‌സി പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.

കാസര്‍കോട് ജില്ലയിലെ ശ്വാസകോശ രോഗചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ഈ നേട്ടം തുടക്കം കുറിക്കുന്നത്. സങ്കീര്‍ണ്ണമായ ഇത്തരം പരിശോധനകള്‍ക്കായി ഇനി ജില്ലയ്ക്ക് പുറത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ടി വരില്ലെന്ന് ആസ്റ്റര്‍ മിംസ് അധികൃതര്‍ അറിയിച്ചു.

Scroll to Top