ജനകീയസമരം വിജയത്തിലേക്ക്; ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ അടിപ്പാത മാറ്റിസ്ഥാപിക്കും

ചെറുവത്തൂര്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെറുവത്തൂര്‍
റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സ്ഥാപിച്ച ഗുഹ പോലുള്ള അടിപ്പാത മാറ്റും. പകരം 7 മീറ്റര്‍ വീതിയിലും 4 മീറ്റര്‍ ഉയരത്തിലും സൗകര്യപ്രദമായ രീതിയില്‍ പാത സ്ഥാപിക്കാന്‍ നടപടിയായി. ഇത് സംബന്ധിച്ച ഉത്തരവ് 15നുള്ളില്‍ ദേശീയ പാത അതോറിറ്റി പുറത്തിറക്കും എന്നാണ് വിവരം. ഇതോടെ കഴിഞ്ഞ 115 ദിവസത്തോളമായി ചെറുവത്തൂരില്‍ ജനകീയ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന സമരം വിജയത്തിലേക്കെത്തും എന്ന് ഉറപ്പായി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെറുവത്തൂര്‍- പടന്ന റോഡില്‍ മേല്‍പാലം നിര്‍മിക്കുന്നുണ്ട്. ഇതിന്റെ 200 മീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍ റോഡ്. ഇവിടെ താല്‍ക്കാലികമായി ഗുഹ പോലുള്ള അടിപ്പാത സ്ഥാപിച്ച് ഇരുചക്ര വാഹനങ്ങള്‍ കടന്നുപോകുന്ന തരത്തില്‍ അടിപ്പാത സ്ഥാപിച്ചിരുന്നു. ജനങ്ങള്‍ക്ക് ദുരിതമായ രീതിയില്‍ സ്ഥാപിച്ച ഈ പാത മാറ്റി സൗകര്യപ്രദമായ രീതിയില്‍ പാത സ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇവിടെ സമരം തുടങ്ങിയത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ചെറുവത്തുരിലെ ജനങ്ങളുടെ കുട്ടായ്മയുടെ പ്രവര്‍ത്തനമായിരുന്നു കര്‍മ സമിതിയുടെത്.

ജനങ്ങള്‍ നടത്തിയ ഈ പോരാട്ടത്തിന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണയും ലഭിച്ചു. സമരം മുലം ചെറുവത്തൂര്‍ മേഖലയിലെ ദേശീയപാതയുടെ പ്രവൃത്തിയും നിലച്ചു. ഇതിനിടയില്‍ കര്‍മസമിതി നടത്തിയ ഇടപെടല്‍ വഴി എല്ലാവിധ സ്വാധീനവും ഉപയോഗിച്ച് നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇപ്പോള്‍ നിലവിലുള്ള പാത മാറ്റി സൗകര്യപ്രദമായ പാത സ്ഥാപിക്കാം എന്ന ഉറപ്പ് ദേശീയപാത അധികൃതരില്‍ നിന്ന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് 15നുള്ളില്‍ പുറത്തിറങ്ങും എന്നാണ് അറിയുന്നത്.

Scroll to Top