മൊഗ്രാല്.
കുമ്പളയിലെ തീരദേശ മേഖലയില് പ്രവര്ത്തിക്കുന്ന കാസര്ഗോഡ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ‘ബ്ലോക്ക് ഫാമിലി ഹെല്ത്ത് സെന്റര്”(ഓള്ഡ് സി എച്ച് സി)നവീകരണ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാല് ദേശീയവേദി ഭാരവാഹികള് കാസര്ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചെ ര്ക്കള,സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് അഷ്റഫ് കേരള എന്നിവര്ക്ക് നിവേദനം നല്കി.
സര്ക്കാര് ആശുപത്രിയുടെ നവീകരണ പദ്ധതി പണ്ട് അനുവദിച്ചിട്ടും കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി മുടങ്ങിക്കിടക്കുകയാണ്. ദിവസേന 500-ഓളം രോഗികളാണ് തീരദേശ മേഖലയിലെ ഈ സര്ക്കാര് ആശുപത്രിയെ തേടിയെത്തുന്നത്. നിലവിലെ ആശുപത്രി കെട്ടിടത്തില് അടിസ്ഥാന സൗകര്യ വികസനം ഇല്ലാത്തത് വലിയ ദുരിതമാണ് രോഗികള്ക്ക് ഉണ്ടാകുന്നത്.
കഴിഞ്ഞവര്ഷം മഴക്കാലത്ത്(2025) പഴകി ദ്രവിച്ചതും,60 വര്ഷത്തോളം പഴക്കമുള്ളതുമായ ഓട് മേഞ്ഞ കെട്ടിടത്തില് നിന്ന് അവിടെ പ്രവര്ത്തിച്ചുവരികയായിരുന്ന ഫാര്മസിയുടെയും, ഇഞ്ചക്ഷന്-ഡ്രസ്സിംഗ് റൂമും ഒഴിപ്പിക്കുകയും ചെയ്തിരുന്നു.ഇവ മാറ്റി സ്ഥാപിച്ച സ്ഥലത്തുള്ള സൗകര്യക്കുറവ് ഇവിടെയെത്തുന്ന രോഗികള്ക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നതെന്ന് നിവേദനത്തില് ചൂണ്ടിക്കാട്ടുന്നുണ്ട്.
ബ്ലോക്ക് ഫാമിലി ഹെല്ത്ത് സെന്ററിന്റെ നവീകരണ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കാന് നടപടി സ്വീകരിക്കണമെന്ന് മൊഗ്രാല് ദേശീയവേദി ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാന്,ജനറല് സെക്രട്ടറി പി എം മുഹമ്മദ്,ഉപദേശക സമിതി ചെയര്മാന് എം മാഹിന് മാസ്റ്റര്, ജോയിന് സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി, അഷ്റഫ് സാഹിബ് എന്നിവരാണ് നിവേദനം നല്കിയത്.
ഫോട്ടോ:കുമ്പളയിലെ ബ്ലോക്ക് ഫാമിലി ഹെല്ത്ത് സെന്ററിന്റെ നവീകരണ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാല് ദേശീയവേദി ഭാരവാഹികള് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചെര്ക്കളയ്ക്കും, സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് അഷ്റഫ് കര്ളയ്ക്കും നിവേദനം നല്കുന്നു.




