കാസര്‍കോട്: വിഖ്യാത ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ജില്ല പഞ്ചായത്ത്
ആസ്ഥാനത്ത് നിര്‍മിക്കുന്ന അമ്മയും കുഞ്ഞും ശില്‍പം പൂര്‍ത്തിയാകുന്നു. പ്രായാധിക്യം മറന്ന് ശില്‍പി നേരിട്ടെത്തിയാണ് ശില്‍പത്തിന്റെ അവസാനഘട്ട മിനുക്കുപണികള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അതിജീവനത്തിന്റെയും വേദനയുടെയും പ്രതീകമായി ജില്ല പഞ്ചായത്ത് വിഭാവനം ചെയ്ത ഈ ചരിത്രസ്മാരകം, പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൂര്‍ണമാകുന്നത്.
കഴിഞ്ഞ ഏപ്രിലിലുണ്ടായ വീഴ്ചയെത്തുടര്‍ന്ന് മാസങ്ങളോളം ചികിത്സയിലായിരുന്ന കാനായി. ഭാര്യ നളിനിയുടെ പിന്തുണയോടെയാണ്) 40 അടി ഉയരമുള്ള കോണ്‍ക്രീറ്റ് ശില്‍പത്തിന്റെ ഓരോ ചലനവും വിലയിരുത്തുന്നത്. തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ നിലവില്‍ ശില്‍പത്തിന്റെ ഉപരിതല ജോലികളില്‍ വ്യാപൃതരാണ് ജില്ല പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പറഞ്ഞു.
പലവിധ കാരണങ്ങളാല്‍ ശില്‍പത്തിന്റെ നിര്‍മാണം ഇടക്കാലത്ത് നിലച്ചുപോയെങ്കിലും, എത്രയും വേഗം പണികള്‍ പൂര്‍ത്തിയാക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് ഇപ്പോഴത്തെ ഭരണസമിതിയെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. വരും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി ശില്‍പം ജനങ്ങള്‍ക്കായി തുറന്നുനല്‍കാനാണ്) ജില്ല പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
കാസര്‍കോടിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഈ ശില്‍പം വലിയൊരു അടയാളപ്പെടുത്തലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.




