ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ മൂന്നാം കിരീടം നേടി ചരിത്രം തിരുത്തിയിരിക്കുകയാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 96 റണ്‍സിനാണ് ഇന്ത്യ കിവികളെ തോല്‍പ്പിച്ചത്.
വിജയികള്‍ക്ക് വന്‍ പാരിതോഷിക തുകയാണ് ഐ സി സി പ്രഖ്യാപിച്ചിട്ടുള്ളത്. 2024-ലെ ലോകകപ്പിനേക്കാള്‍ സമ്മാനതുകയില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഐസിസി ഇത്തവണ വരുത്തിയിരുന്നത്. 13.5 മില്യണ്‍ ഡോളര്‍(ഏകദേശം 112 കോടിയിലധികം രൂപ) ആണ് സമ്മാനത്തുകയായി ഐസിസി നല്‍കിയത്.
2024 ചാമ്പ്യന്‍മാരായ ഇന്ത്യക്ക് 2.45 മില്യണ്‍ ഡോളര്‍( ഏകദേശം 22.52 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നല്‍കിയതെങ്കില്‍ ഇത്തവണ ഇന്ത്യക്ക് മൂന്ന് മില്യണ്‍ ഡോളര്‍(ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്.
രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലെ മികച്ച സ്പോണ്‍സര്‍ഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാന്‍ കാരണമായത്.
സെമിയില്‍ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 790,000 ഡോളര്‍(ഏകദേശം 7.24 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. സൂപ്പര്‍ 8-ല്‍ എത്തിയ ടീമുകള്‍ക്ക് 380,000 ഡോളര്‍(ഏകദേശം 3.48 കോടി രൂപ) സമ്മാനാത്തുകയായി നല്‍കി.
ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്കും സമ്മാനമുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ 12 ടീമുകള്‍ക്ക് 250,000 ഡോളര്‍(ഏകേദശം 2.29 കോടി രൂപ) സമ്മാനമായി ലഭിച്ചു. ലോകകപ്പില പങ്കെടുത്ത 20 ടീമുകള്‍ക്കും സാമ്പത്തിക നേട്ടം ഉറപ്പാക്കുന്ന രീതിയിലാണ് ഐസിസി സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്.




