ഹോട്ടലുകള്‍ പൂട്ടല്‍ ഭീഷിണിയില്‍, പാചകവാതകം കിട്ടാനില്ല അവശ്യ സാധന നിയമം നടപ്പിലാക്കുന്നു
ഇന്ത്യയിലേക്കുള്ള പാചകവാതകത്തിന്റെ വലിയൊരു ഭാഗം വരുന്നത് വിദേശത്തുനിന്നാണ്. ഇറാന്‍ യുദ്ധം കാരണം കപ്പല്‍ ഗതാഗതവും വിതരണവും തടസ്സപ്പെട്ടതോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സിലിണ്ടറുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നു. പാചകവാതക വിതരണത്തില്‍ തടസ്സം നേരിടുന്നത് ഇന്ത്യയിലെ ഹോട്ടല്‍-റെസ്റ്റോറന്റ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാളെ മുതല്‍ പലയിടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മതിയായ ഗ്യാസ് ലഭിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ പൂട്ടേണ്ടി വരുമെന്ന് ഉടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗ്യാസ് ലഭ്യത കുറയുന്നതോടെ ഭക്ഷണം പാകം ചെയ്യുന്നത് തടസ്സപ്പെടുകയും പല ഹോട്ടലുകളും ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിടേണ്ടി വന്നേക്കാം.വിപണിയില്‍ ഗ്യാസിന് ക്ഷാമം അനുഭവപ്പെടുന്നതോടെ ലഭ്യമായ സിലിണ്ടറുകള്‍ക്ക് വലിയ വില നല്‍കേണ്ടി വരും. ഇത് ഭക്ഷണസാധനങ്ങളുടെ വില കൂടാന്‍ കാരണമാകും.
അവശ്യ സാധന നിയമം
ഈ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഹോട്ടല്‍ മേഖലയുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുകയുമാണ് ഈ സമിതിയുടെ ലക്ഷ്യം. ഗ്യാസ് കിട്ടാനില്ലാത്ത സാഹചര്യം മുതലെടുത്ത് സിലിണ്ടറുകള്‍ക്ക് അമിതവില ഈടാക്കാന്‍ സാധ്യതയുണ്ട്. ഇത് ഹോട്ടലുകളുടെ ലാഭത്തെ ബാധിക്കും. പാചകവാതകത്തിന് ചിലവ് കൂടിയാല്‍ സ്വാഭാവികമായും ഹോട്ടലുകള്‍ ഭക്ഷണസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും.നഗരങ്ങളിലെ വലിയ ഹോട്ടലുകളെയാണ് ഇത് ഇപ്പോള്‍ ബാധിച്ചു തുടങ്ങിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ യുദ്ധം നീണ്ടുപോയാല്‍ ഇത് കേരളത്തിലെ ഹോട്ടല്‍ മേഖലയെയും ബാധിച്ചേക്കാം
നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനും അവ എല്ലാവര്‍ക്കും കൃത്യമായി ലഭ്യമാക്കാനും സര്‍ക്കാര്‍ ഉപയോഗിക്കുന്ന നിയമമാണ് എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് അഥവാ അത്യാവശ്യ സാധന നിയമം.ലളിതമായി പറഞ്ഞാല്‍, സാധാരണക്കാരന്റെ ജീവിതത്തിന് അത്യാവശ്യമായ സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നതും അമിതവില ഈടാക്കുന്നതും തടയാനാണ് ഈ നിയമം നിര്‍മ്മിച്ചിരിക്കുന്നത്.
ചില വ്യാപാരികള്‍ ലാഭം കൂട്ടാനായി അരി, പഞ്ചസാര തുടങ്ങിയ സാധനങ്ങള്‍ വന്‍തോതില്‍ സ്റ്റോക്ക് ചെയ്ത് വെക്കും (പൂഴ്ത്തിവെപ്പ്). വിപണിയില്‍ ഈ സാധനങ്ങള്‍ക്ക് ക്ഷാമം വരുമ്പോള്‍ അവര്‍ അത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കും. ഇത് തടയാന്‍ സര്‍ക്കാരിന് ഈ നിയമം വഴി സാധിക്കും.
സര്‍ക്കാരിന്റ്റെ നയം
സര്‍ക്കാര്‍ കാലാകാലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ഉള്‍കൊള്ളുന്ന പട്ടിക പുതുക്കാറുണ്ട്. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍,പഞ്ചസാര,ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികള്‍,പെട്രോള്‍, ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍,മരുന്നുകള്‍ എന്നിവ എല്ലാം ആണ് സാധാരണയായി ഇതില്‍ ഉള്‍പ്പെടുന്നത്.പ്രത്യേക സാഹചര്യങ്ങളില്‍ (ഉദാഹരണത്തിന് കോവിഡ് സമയത്ത്) മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഒരു സാധനം ഈ നിയമത്തിന്റെ പരിധിയില്‍ വന്നാല്‍ സര്‍ക്കാരിന് വില നിയന്ത്രിക്കാം. ഒരു സാധനം പരമാവധി എത്ര രൂപയ്ക്ക് വില്‍ക്കണം എന്ന് സര്‍ക്കാരിന് തീരുമാനിക്കാം.ഒരാള്‍ക്ക് പരമാവധി എത്ര അളവ് സാധനം കൈവശം വെക്കാം എന്ന് നിശ്ചയിക്കാം. ആ സാധനം എത്ര ഉല്‍പ്പാദിപ്പിക്കണമെന്നും എവിടെയൊക്കെ വിതരണം ചെയ്യണമെന്നും ഉത്തരവിടാം.
ഈ നിയമം ലംഘിച്ച് സാധനങ്ങള്‍ പൂഴ്ത്തിവെക്കുകയോ കരിഞ്ചന്തയില്‍ വില്‍ക്കുകയോ ചെയ്താല്‍ കര്‍ശനമായ ശിക്ഷ ലഭിക്കും. പിഴ അടയ്ക്കേണ്ടി വരുന്നതിനൊപ്പം ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാം.
വിപണിയില്‍ കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് തടയാനുള്ള സര്‍ക്കാരിന്റെ കവചമാണ് ഈ നിയമം.
ദൂരെ എവിടെയോ നടക്കുന്ന യുദ്ധം നമ്മുടെ നാട്ടിലെ ഹോട്ടലുകളിലെ അടുപ്പ് പുകയാതിരിക്കാന്‍ കാരണമാകുമോ എന്ന ആശങ്കയിലാണ് ഹോട്ടല്‍ ഉടമകള്‍. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരെയും ഇത് വരും ദിവസങ്ങളില്‍ ബാധിച്ചേക്കാം.




