കാസര്‍കോട്. പ്ലസ്വണ്‍ അക്കൗണ്ടന്‍സി പൊതുപരീക്ഷയുടെ ചോദ്യക്കടലാസ് മാറിനല്‍കിയതായി പരാതി. ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പ്ലസ്വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിനി ഷിബ്ലാ ഹലീമയ്ക്കാണ് മറ്റൊരു കോമ്പിനേഷനിലെ ചോദ്യപ്പേപ്പര്‍ നല്‍കിയത്. അബദ്ധം തിരിച്ചറിഞ്ഞ അധ്യാപകര്‍ പിന്നീട് കൂട്ടിയെഴുതിയ ഉത്തരക്കടലാസും മാറിനല്‍കിയ ചോദ്യക്കടലാസും തിരിച്ചുവാങ്ങി പുതിയ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളെഴുതാന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. സംഭവത്തില്‍ വിദ്യാര്‍ഥിനി വിദ്യാഭ്യാസമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും ഇ-മെയിലായി പരാതി നല്‍കി.
അക്കൗണ്ടന്‍സി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് (പേപ്പര്‍ കോഡ്-എഫ്.വൈ.-150) പരീക്ഷ എഴുതാനെത്തിയ കുട്ടിക്ക് അക്കൗണ്ടന്‍സി വിത്ത് അനാലിസിസ് ഓഫ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ്‌സ് (പേപ്പര്‍ കോഡ്-എഫ്.വൈ.-149)
എന്ന വിഷയത്തിന്റെ ചോദ്യക്കടലാസാണ് ആദ്യം നല്‍കിയത്. ജന്മനാ ബീറ്റ തലസീമിയ മേക്കര്‍ എന്ന രോഗമുള്ള കുട്ടി പ്രത്യേക ഹാളിലാണ് പരീക്ഷ എഴുതുന്നത്. ആ ക്ലാസിലേക്കെത്തിച്ച കവര്‍ പൊട്ടിക്കാതെ തൊട്ടടുത്ത ക്ലാസില്‍ ബാക്കിവന്ന അക്കൗണ്ടന്‍സി (അക്കൗണ്ടന്‍സി വിത്ത് അനാലിസിസ് ഓഫ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ്‌സ്) വിഷയത്തിലെ ചോദ്യമാണ് കുട്ടിക്ക് നല്‍കിയത്.
ഒരേ പുസ്തകം ഉപയോഗിച്ചാണ് രണ്ട് വിഷയത്തിനും ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. അതിനാല്‍ തന്റെ വിഷയമല്ലെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം സമാനമായ ചോദ്യങ്ങളാണ് ചോദ്യക്കടലാസില്‍ ഉണ്ടായിരുന്നതെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. പരീക്ഷ അവസാനിക്കാന്‍ നിമിഷങ്ങള്‍മാത്രം ബാക്കിനില്‍ക്കെ വൈകിട്ട് 3.20-ഒ ാടെയാണ് അധ്യാപകര്‍ക്ക് സംഭവിച്ച അമളി തിരിച്ചറിഞ്ഞത്.
അപ്പോള്‍ത്തന്നെ കുട്ടിയുടെ കൈയില്‍നിന്ന് ഉത്തരക്കടലാസും ചോദ്യപ്പേപ്പറും ബലമായി വാങ്ങി പുതിയത് നല്‍കി വീണ്ടും എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു.




