പ്രധാനമന്ത്രിയുടെ ചടങ്ങിന് മുന്‍പ് ദേശീയപാതയുടെ സമാന്തര ഉദ്ഘാടനം; കാസര്‍കോട്ട് നുള്ളിപ്പാടിയില്‍ ഉദ്ഘാടനം ചെയ്തത് സി എച്ച് കുഞ്ഞമ്പു എംഎല്‍എ

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പ്രധാനമന്ത്രിയുടെ ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് സമാന്തര ഉദ്ഘാടനം നടന്നു. സി എച്ച് കുഞ്ഞമ്പു എംഎല്‍എയാണ് പാത തുറന്നുകൊടുത്തത്.

കാസര്‍കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പ്രധാനമന്ത്രി പങ്കകെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതില്‍ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനം. ദേശീയപാത ഒന്നാം റീച്ച് ജനകീയമായി തുറന്ന് നല്‍കിയത് സി എച്ച് കുഞ്ഞമ്പു എംഎല്‍എയാണ്. ദേശീയപാതയില്‍ കാസര്‍കോട് നുള്ളിപ്പാടിയിലായിരുന്നു സമാന്തര ഉദ്ഘാടനം. കൊച്ചിയില്‍ പ്രധാനമന്ത്രി ലാന്‍ഡ് ചെയ്യും മുന്‍പായിരുന്നു സമാന്തര ഉദ്ഘാടനം. മുഖ്യമന്ത്രിയും ക്ഷണം ലഭിച്ച രണ്ട് മന്ത്രിമാരും പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തില്‍ വേറെ പരിപാടികള്‍ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടിയും പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്പി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്.

പ്രധാനമന്ത്രിയുടെ ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല
കേരളത്തില്‍ 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയപാത 66 ലെ തലപ്പാടി – ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തെ അപമാനിച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിന് ഉള്‍പ്പെടെ പണം നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്നാണും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇത്തരത്തില്‍ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ല. എല്‍ഡിഎഫ് സര്‍ക്കാരിന് പകരം മറ്റൊരു സര്‍ക്കാരായിരുന്നെങ്കില്‍ പദ്ധതി തന്നെ മുടങ്ങിപോവുമായിരുന്നുവെന്നും റിയാസ് പ്രതികരിച്ചു.

Scroll to Top