‘ബുമ്രയെ ആ ട്രിക്ക് പഠിപ്പിച്ച് താന്‍’; വന്‍ അവകാശവാദവുമായി പാക്ക് വംശജനായ പേസര്‍

ജസ്പ്രീത് ബുമ്രയുടെ സ്ലോ ബോള്‍ ഡെലിവറികള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചത് താനാണെന്ന അവകാശവാദവുമായി പാക്ക് വംശജനായ യു.എ.ഇ പേസര്‍ സഹൂര്‍ ഖാന്‍. ബൗളിങ് ആക്ഷനില്‍ വ്യത്യാസം വരുത്താതെ എങ്ങനെ സ്ലോ ബോള്‍ എറിയാമെന്ന് ബുമ്രയെ 2019 ലെ ഐപിഎല്‍ സമയത്ത് താന്‍ പഠിപ്പിച്ചു എന്നാണ് സഹൂര്‍ ഖാന്‍ പറയുന്നത്. ഇക്കാലത്ത് മുംബൈ ഇന്ത്യന്‍സില്‍ നെറ്റ്‌സ് ബൗളറായിരുന്നു സഹൂര്‍. 2019 ല്‍ കോവിഡ് കാലത്ത് യു.എ.ഇയിലായിരുന്നു ഐപിഎല്‍ നടത്തിയിരുന്നത്.
ഈ സമയത്താണ് ബൗളിങ് തന്ത്രത്തെ പറ്റി ബുമ്രയുമായി സംസാരിച്ചത്. ബുമ സ്ലോ ബോള്‍ എറിഞ്ഞിരുന്നെങ്കിലും സാങ്കേതികമായി മെച്ചപ്പെടുത്താന്‍ താന്‍ സഹായിച്ചു എന്നാണ് സഹൂര്‍ ഖാന്‍ പറയുന്നത്. ഇതിന്റെ വിഡിയോ സമുഹ മാധ്യമങ്ങളില്‍ വൈറലാണ്. ‘അങ്ങനെ മുംബൈ എന്നെ വിളിച്ചു. ഏഴു ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് പരിശീലനത്തിന് പോയി. ആദ്യ പന്ത് യോര്‍ക്കര്‍ എറിഞ്ഞു. അടുത്ത അഞ്ച് പന്ത് സ്ലോ ബോളും. പിന്നീട് ഞങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍ ബുമ വന്ന് ടേബിളിന് മുന്നിലിരുന്നു, രോഹിത് ശര്‍മ്മയും അവിടെ വന്നിരുന്നു’ എന്നിങ്ങനെയാണ് വിഡിയോയില്‍ അദ്ദേഹം പറയുന്നത്.

ടി10 ലീഗിലെ പ്രകടനം വഴി തന്റെ സ്ലോ ഡെലിവറികളെ പറ്റി ടീം മാനേജ്‌മെന്റിന് അറിയാമായിരുന്നുവെന്ന് സഹൂര്‍ പറയുന്നു. ‘സഹീര്‍ ഖാന്‍ തന്നോട് ടി10 ലീഗിലെ മെയിഡന്‍ ഓവറിന്റെ വിഡിയോ കാണിക്കാന്‍ പറഞ്ഞു. ഇത് കണ്ട് എന്തു തരം പന്താണ് എറിയുന്നതെന്ന് ബുമ്ര ചോദിച്ചു. സ്ലോ ബോളുകളാണെന്ന് മറുപടി പറഞ്ഞു. ഓരേ ആക്ഷനില്‍ ഒരേ ഗ്രിപ്പില്‍ എറിയാന്‍ കഴിയുമെന്ന് ഞാന്‍ പറഞ്ഞു. എങ്ങനെ എറിയുന്നതെന്ന് ബുമ ചോദിച്ചു. അടുത്ത തവണ ഗ്രിപ്പ് എനിക്ക് കാണിച്ചുതരണമെന്ന് ബുമ പറഞ്ഞു. ഞാന്‍ സമ്മതിച്ചു’ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
‘പന്തുകണ്ട് അന്നത്തെ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ച് ഷെയിന്‍ ബോണ്ട് ഗ്രിപ്പിനെ പറ്റി ചോദിച്ചു. ഓഫ് കട്ടറുകളാണോ എറിയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഒരേ ഗ്രിപ്പാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ബുമ്രയ്‌ക്കൊപ്പം പന്തെറിയുമ്പോള്‍ ഗ്രിപ്പിനെ പറ്റി അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് ഗ്രിപ്പ് കാണിച്ചുകൊടുത്തു. സാധാരണ പന്തെറിയുന്ന അതേ ഗ്രിപ്പില്‍ തന്നെയാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഒരേ ആക്ഷനില്‍ തന്നെ പന്ത് വരണമെന്ന് ഞാന്‍ പറഞ്ഞു’.

Scroll to Top