പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാവുകയാണ്. പ്രചാരണ തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍.
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വലിയ ജയപ്രതീക്ഷയിലാണ് മുന്നണികള്‍. ഒരു വശത്ത് യുവ നേതാക്കള്‍ പരസ്യ വിമര്‍ശനം ഉയര്‍ത്തുമ്പോഴും ചിട്ടയായ പ്രവര്‍ത്തനത്തോടെ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്. അതിനിടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പിന്നിലായ ബിജെപിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിലെ അസ്വാരസ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. കെ.സുധാകരന്റെ പ്രാണി പ്രയോഗത്തില്‍ മറുപടിയുമായി പാലക്കട്ടെ ഇടതു സ്ഥാനാര്‍ഥി പി സരിനും രംഗത്ത് വന്നു.
സരിന്‍ ഇടത് സ്ഥാനാര്‍ഥി ആയത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാദം. കോണ്‍ഗ്രസിന് വലിയ ക്ഷീണം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് വോട്ടുകളില്‍ സരിന്‍ ഭിന്നിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി ബിജെപി വിജയത്തിന്റെ പ്രതീകമാണ്. അദ്ദേഹം പാലക്കാട് പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഫിഷ് മാര്‍ക്കറ്റില്‍ അതിരാവിലെ പ്രചാരണത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് ബിജെപിക്കകത്തെ തമ്മിലടി കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് പറഞ്ഞു. ബിജെപി നേതാവ് ശിവരാജന്റെ നിലപാടും ബിജെപിയുടെ നിഷേധ വോട്ടും യുഡിഫിന് ഗുണകരമാകുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചത്. രാഹുലിനെതിരെ നിഷേധ വോട്ടെന്ന സിപിഎം പ്രചരണം വിലപ്പോകില്ലെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. ശബരിമലയിലെ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഭരണകൂടത്തിനെതിരായ നിഷേധ വോട്ട് കോണ്‍ഗ്രസിന് അനുകൂലമെന്നും ഷാഫി ചൂണ്ടിക്കാട്ടി.
കെ.സുധാകരന്‍ തന്നെ പ്രാണിയോട് ഉപമിച്ചതില്‍ തെറ്റില്ലെന്ന് പറഞ്ഞ സരിന്‍, പ്രാണി പ്രയോഗം തന്റെ വലിപ്പം കാണിക്കാനോ, അത്ര നഷ്ടമേ പാര്‍ട്ടിക്ക് ഉള്ളു എന്ന് കാണിക്കാനോ ആയിരിക്കില്ലെന്ന് പറഞ്ഞു. കൊഴിഞ്ഞു പോകുന്നവര്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കില്ല എന്ന പോസറ്റീവ് അര്‍ത്ഥത്തിലാവും പറഞ്ഞത്. ആ പ്രയോഗത്തില്‍ അതൃപ്തി ഇല്ല. കെ സുധാകരന്റെ പ്രയോഗത്തിലെ അര്‍ത്ഥവും വ്യാപ്തിയും നന്നായി അറിയാം. കെ.സുധാകരന് ഇപ്പോഴും സ്‌നേഹമുണ്ടാകും എന്ന് തന്നെയാണ് വിശ്വാസം. കോണ്‍ഗ്രസ് ശക്തിപ്പെടട്ടെ എന്ന് തന്നെയാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്. ഇറങ്ങി വന്നത് ഒറ്റക്കാണ് എന്നത് ദൗര്‍ബല്യമല്ല. കോണ്‍ഗ്രസിനകത്തെ ആളുകളെ വലിച്ചു പുറത്തിടുക എന്നതല്ല എന്റെ പ്രതികാരം. ഇനി കോണ്‍ഗ്രസ് നേതാക്കളെ കുറിച്ചൊന്നും പറഞ്ഞു ചര്‍ച്ച വഴി തിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സി.കൃഷ്ണകുമാര്‍ ശക്തനായ എതിരാളിയാണെന്നും പരിചയപെടുത്തല്‍ ആവശ്യമില്ലാത്ത മുഖമാണെന്നും സരിന്‍ പറഞ്ഞു.