കാസര്‍കോട് : ചൂതാട്ടകേന്ദ്രങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച്
തലപ്പാടിയിലെ ലോട്ടറിതൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് സംഘ് (ബി.എം.എസ്.) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ഏകദേശം അറുപതോളം ലോട്ടറിസ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ അനധികൃത ചൂതാട്ടവും നടക്കുന്നുണ്ട്. ഇതുമൂലം സര്‍ക്കാര്‍ അംഗീകരിച്ച ലോട്ടറിതൊഴിലാളികള്‍ക്ക് പ്രയാസം നേരിടുന്നു.
കഴിഞ്ഞദിവസം അനധികൃത ചൂതാട്ടകേന്ദ്രത്തില്‍ പോലീസ് പരിശോധന നടത്തി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, തലപ്പാടിയില്‍ അനധികൃത ലോട്ടറിവില്പനക്കാരെ അറസ്റ്റ് ചെയ്തുവെന്നാണ് പ്രചാരണം നടന്നത്. ഇതുമൂലം പൊതുജനങ്ങള്‍ മുഴുവന്‍ ലോട്ടറി കച്ചവടക്കാരെയും തെറ്റിദ്ധരിച്ചതിനാല്‍ ലോട്ടറിവില്‍പ്പന കുത്തനെ കുറഞ്ഞു.
ഇതിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന അറുപതോളം വരുന്ന കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ഈ തൊഴില്‍മേഖല സംരക്ഷിക്കണമെന്നും ചൂതാട്ടകേന്ദ്രങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഭാഗ്യക്കുറി ജില്ലാ ഓഫീസര്‍ക്ക് സംഘടന നിവേദനവും നല്‍കി.
യൂണിയന്‍ ജില്ലാ അധ്യക്ഷന്‍ കെ.വി. ബാബു, സെക്രട്ടറി ബാബുമോന്‍ ചെങ്കള, കെ.ബി. മഹേഷ്, മണികണ്ഠന്‍ ബേനൂര്‍, രവിപ്രശാന്ത് കുബണടുക്കം എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.




