ഹോര്‍മുസ് കടലിടുക്കിലൂടെ കടന്ന് പോകാന്‍ 2 ഇന്ത്യന്‍ കപ്പലുകള്‍ക്ക് അനുമതി നല്‍കി ഇറാന്‍

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്ന് പോകാന്‍ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് അനുമതി നല്‍കി ഇറാന്‍. സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രായേല്‍ യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് നിയന്ത്രണം തുടരുന്നതിനിടെയാണ് ഇന്ത്യന്‍ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നത്.

പുഷ്പക്, പരിമള്‍ എന്നീ കപ്പലുകള്‍ക്ക് ആണ് കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് ഇളവ്. സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഹോര്‍മുസ് കടലിടുക്കിലൂടെ ആദ്യ കപ്പല്‍ ഇന്ത്യയില്‍ എത്തി. ലൈബീരിയ പതാക വഹിച്ച ഷെന്‍ലോങ് സൂയസ്മാക്‌സ് എന്ന കപ്പല്‍ ക്രൂഡ് ഓയിലുമായാണ് മുംബൈ തീരത്ത് എത്തിയത്. ഇറാഖില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.

അതേസമയം, റഷ്യയില്‍ നിന്നും എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ സ്വാഗതം ചെയ്തു. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി 50% ആണ് വര്‍ദ്ധിച്ചത്. പ്രതിസന്ധി തുടര്‍ന്നാല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിദിനം 2 ദശലക്ഷം ബാരലിനടുത്ത് എത്തും. ബ്രെന്റ് ക്രൂഡ് വിലയില്‍ 9 ശതമാനം വര്‍ധനവ് ഉണ്ടായി.

Scroll to Top