രാജ്യത്ത് എല്‍പിജി പ്രതിസന്ധി രൂക്ഷം; ഹോട്ടലുകള്‍ കൂട്ടത്തോടെ അടച്ചുതുടങ്ങി, കേരളത്തില്‍ സ്‌കൂളുകളില്‍ വിറകടുപ്പ് ഉപയോഗിക്കാന്‍ അനുമതി

പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത നടപടികളുമായി ആന്ധ്രയിലെ ഹോട്ടലുകള്‍ രംഗത്ത് വന്നു. സ്വിഗ്ഗി, സോമാറ്റോ ഓര്‍ഡറുകള്‍ക്കുള്ള ഇളവ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. കേരളത്തില്‍ നിരവധി ഹോട്ടലുകള്‍ അടച്ചു.

കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകള്‍ കൂട്ടത്തോടെ അടച്ചുതുടങ്ങി. കേരളത്തില്‍ ഇന്നലെ ഇരുപത് ശതമാനം ഹോട്ടലുകള്‍ അടച്ചെന്നാണ് കണക്ക്. ഇന്നും കൂടുതല്‍ ഹോട്ടലുകള്‍ അടച്ചു. പാചക വാതക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തിലെ സ്‌കൂളുകളില്‍ വിറകടുപ്പ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വിറകിന് ചെലവാകുന്ന അധികതുക സ്‌കൂളുകള്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ മുടങ്ങില്ലെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ എല്‍പിജിയുടെ കാര്യത്തില്‍ ഒരുറപ്പും നല്‍കുന്നില്ല.

ബെംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളില്‍ പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. ഐ.ഒ.സി., ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികള്‍ എല്ലാം വാണിജ്യ സിലിണ്ടര്‍ വിതരണം നിര്‍ത്തി വെച്ചു. വാണിജ്യ സിലിന്‍ഡറുകളുടെ വിതരണം ആശുപത്രികള്‍ അടക്കമുള്ള അവശ്യ മേഖലയില്‍ മാത്രമേ ഇപ്പോള്‍ നടക്കുന്നുളളൂ. പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത നടപടികളുമായി ആന്ധ്രയിലെ ഹോട്ടലുകള്‍ രംഗത്ത് വന്നു. സ്വിഗ്ഗി, സോമാറ്റോ ഓര്‍ഡറുകള്‍ക്കുള്ള ഇളവ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. തിങ്കളാഴ്ചകളില്‍ ഹോട്ടലുകള്‍ അടച്ചിടും. പ്രതിസന്ധി തുടര്‍ന്നാല്‍ ഓണ്‍ലൈന്‍ ഭക്ഷണ ആപ്പുകളോട് ‘നോ’ പറയാനാണ് ഹോട്ടലുകളുടെ തീരുമാനം. തെക്കന്‍ ദില്ലിയിലെ പല റസ്റ്റോറന്റുകളും പാചക വാതക ക്ഷാമത്തെ തുടര്‍ന്ന് ഇതിനകം അടച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ഒരു ഗ്യാസ് സിലിണ്ടറിന് 5,000 രൂപയോളമാണ് ആവശ്യപ്പെടുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു

തമിഴ്നാട്ടിലും പാചകവാതക സിലിന്‍ഡറുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. പാചകവാതക എജന്‍സികളില്‍ ചിലത് പൂട്ടി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറുകള്‍ക്കാണ് പെട്ടെന്ന് ക്ഷാമം നേരിട്ടത്. ഇതോടെ ചായക്കടകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, കല്യാണ മണ്ഡപങ്ങളുടെ പ്രവര്‍ത്തനം എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണ്. വിലവര്‍ധന ഹോട്ടല്‍ മേഖലയെ സാരമായി ബാധിച്ചതോടെ കോയമ്പത്തൂരിലെ പ്രശസ്തമായ ‘അന്നപൂര്‍ണ’ ഹോട്ടല്‍ ശൃംഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ ഹോട്ടലിലെ മെനു വെട്ടിചുരുക്കിയതായും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും ഉടമ ശ്രീനിവാസന്‍ അറിയിച്ചു.

Scroll to Top