കാഞ്ഞങ്ങാട് : നിര്‍ദിഷ്ട അജാനൂര്‍ മിനി ഹാര്‍ബര്‍ നിര്‍മാണം
തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ വീണ്ടു ചൂടുപിടിക്കുന്നു. ഒ ാരോ കാലവര്‍ഷത്തിലും അപകടഭീതിയില്‍ ഉറക്കം നഷ്ടപ്പെടുന്ന തീരദേശവാസികളുടെ കാത്തിരിപ്പും ഹാര്‍ബര്‍നിര്‍മാണവും കൂട്ടിവായിക്കപ്പെടേണ്ട കാര്യങ്ങളാണ്. ഒന്നരപതിറ്റാണ്ടുമുന്‍പ് പ്രഖ്യാപിച്ച മിനി ഹാര്‍ബറിനായി തീരദേശവാസികള്‍ മുട്ടാത്ത വാതിലുകളും ചെയ്യാത്ത സമരങ്ങളുമില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുവേളയില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരത്തെക്കുറിച്ച് തീരദേശവാസി കൂട്ടായ്മ ആലോചന നടത്തിയതാണ്.
നിലവില്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണെന്നാണ് പറയുന്നത്. സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിച്ച 200 കോടിയുടെ പദ്ധതിരേഖയിലും പഠനറിപ്പോര്‍ട്ടിലും അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം പറയുന്നത്. അജാനൂര്‍ കടപ്പുറത്തെ ചിത്താരി അഴിമുഖത്തോട് ചേര്‍ന്ന ഭാഗത്തായാണ് തുറമുഖം വിഭാവനം ചെയ്യുന്നത്. ഇതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള നിരവധി പഠനങ്ങളും ഉന്നത ഉദ്യോഗസ്ഥരുടെയും ശാസ്ത്രകാരന്മാരുടെയും സന്ദര്‍ശവും നടന്നെങ്കിലും ഇന്നും പദ്ധതി യാഥാര്‍ഥ്യമായിട്ടില്ല. സംസ്ഥാന മന്ത്രിമാരുടെ സന്ദര്‍ശവും പലതവണ നടന്നിട്ടുണ്ട്.
2025-ല്‍ നടന്നത് സമീപകാലത്തെ ഏറ്റവും വലിയ നാശം ഒ ാരോ കാലവര്‍ഷക്കാലത്തും അജാനൂര്‍ കടപ്പുറത്ത് സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് കൈയ്യുംകണക്കുമില്ല.
കഴിഞ്ഞവര്‍ഷം നടന്നത് സമീപകാലം കണ്ട ഏറ്റവും രൂക്ഷമായ കടലേറ്റവും നാശനഷ്ടങ്ങളുമായിരുന്നു. കാലവര്‍ഷവും കടലേറ്റവും രൂക്ഷമായതോടെ ഗതിമാറി ഒഴുകിയ ചിത്താരിപ്പുഴ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ ഭീകരമായിരുന്നു. അരക്കിലോമീറ്ററോളം കടല്‍ഭിത്തി തകരുകയും സമീപ ടാറിങ് റോഡ് കടലെടുക്കുകയും ചെയ്തു. റോഡിനോട് ചേര്‍ന്ന് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ തികച്ചും അരക്ഷിതാവസ്ഥയിലായി.
ഒരുമാസത്തോളം പ്രയത്‌നിച്ചാണ് ഗതിമാറി ഒഴുകിയ പുഴയെ ബണ്ട്‌കെട്ടി പഴയപടിയിലേക്ക് എത്തിക്കാന്‍ സാധിച്ചത്.
ലക്ഷങ്ങളാണ് ഇതിനുവേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്. കാലവര്‍ഷത്തില്‍ സംഭവിക്കുന്ന പ്രതികൂല പ്രതിഭാസങ്ങള്‍ക്ക് തടയിടാന്‍ ഹാര്‍ബര്‍ നിര്‍മാണത്തിലൂടെ സാധിക്കുമെന്നതാണ് ശാസ്ത്രീയ നീരിക്ഷണം. നിലവില്‍ ഈ പ്രദേശത്തുള്ള മീന്‍പിടിത്ത തൊഴിലാളികള്‍ മടക്കര അടക്കമുള്ള സമീപ തുറമുഖങ്ങളെ ആശ്രയിച്ചാണ് മീന്‍പിടിത്തം നടത്തുന്നത്.




