കൂവാരം പാലത്തിലെ വെള്ളക്കെട്ടിന് പരിഹാരമില്ലേ?

കുണ്ടംകുഴി : കൂവാരം പാലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍
ഇക്കൊല്ലവും നടപടിയായില്ല. മഴയത്ത് പാലത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ തെല്ലൊന്നുമല്ല ബുദ്ധിമുട്ട്. വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ പാലത്തില്‍ വെള്ളക്കെട്ടുണ്ടായി. ചൊവ്വാഴ്ച ഉച്ചവരെ അതേ അളവില്‍ വെള്ളക്കെട്ട് തുടര്‍ന്നതിനാല്‍ ഗതാഗതം ദുഷ്‌കരമായി. വൈകീട്ടോടെയാണ് പൂര്‍ണമായും വെള്ളം തോര്‍ന്നത്.

പൊയിനാച്ചി-ബന്തടുക്ക റോഡിനെ പെരിയ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിലെ പാലമാണിത്. കുണ്ടംകുഴിയില്‍നിന്ന് മൂന്നാംകടവ് വഴി പെരിയയിലേക്കാണ് റോഡ്. മൂന്നാംകടവ് പുഴയുടെ പാലത്തില്‍നിന്ന് 150 മീറ്റര്‍ സമീപമാണ് കൂവാരം തോടിന്റെ പാലം.
മഴയത്ത് വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍, പാലം നിര്‍മിക്കുമ്പോള്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ വിടവ് ഒരുക്കിയതുമില്ല. പാലത്തിന്റെ ഇരുഭാഗങ്ങളില്‍നിന്നും ഇറക്കം ഇറങ്ങിയെത്തുന്ന വിധമാണ് റോഡ്. പാലം സമീപനറോഡ് നിരപ്പിനേക്കാളും താഴ്ന്നാണുള്ളത്. അതിനാല്‍ റോഡിലുടെ ഒലിച്ചെത്തുന്ന വെള്ളവും പാലത്തില്‍ കെട്ടിനില്‍ക്കുന്നു. വന്‍തോതില്‍ മണ്ണൊലിച്ചെത്തുന്നതിനാല്‍ നടപ്പാതയുടെ ഇരു അരികുകളിലും പ്രതലം ഉയര്‍ന്നിരിക്കുകയാണ്. നടപ്പാതയുടെ അരികില്‍ ഒരിടത്ത് പാലത്തില്‍ കീഴോട്ട് ദ്വാരം കാണാം. എന്നാല്‍, ഇതിനേക്കാള്‍ പ്രതലം താഴ്ന്ന്നാണ് പാലത്തിന്റെ മധ്യഭാഗം ഉടനീളമുള്ളത്.

Scroll to Top