ഇറാനില്‍ കടുത്ത പ്രതിസന്ധി, ടെഹ്റാനില്‍ അമ്ല മഴയെന്ന് റിപ്പോര്‍ട്ട്; എണ്ണ സംഭരണികള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ആരോഗ്യ ഭീഷണി

ഇറാനില്‍ കടുത്ത പ്രതിസന്ധി, ടെഹ്റാനില്‍ അമ്ല മഴയെന്ന് റിപ്പോര്‍ട്ട്; എണ്ണ സംഭരണികള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ആരോഗ്യ ഭീഷണി

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ രണ്ട് എണ്ണ സംഭരണികള്‍ക്ക് നേരെ കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ ആക്രമണത്തെത്തുടര്‍ന്ന് നഗരത്തില്‍ കടുത്ത പരിസ്ഥിതി-ആരോഗ്യ പ്രതിസന്ധി ഉടലെടുത്തതായി ഇറാന്‍ സര്‍ക്കാര്‍. ആക്രമണത്തില്‍ എണ്ണ സംഭരണികള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് നഗരത്തിന് മുകളില്‍ കിലോമീറ്ററുകളോളം കനത്ത പുകപടലം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നഗരത്തില്‍ പെയ്ത മഴ അമ്ല മഴയായി (Acid Rain) മാറിയതായാണ് റിപ്പോര്‍ട്ടുകള്‍.

അമ്ല മഴ പെയ്തതോടെ നഗരവാസികള്‍ക്കിടയില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിലും പ്രായമായവരിലുമാണ് ആഘാതം കൂടുതല്‍. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍, കണ്ണിനും ചര്‍മ്മത്തിനും ഉണ്ടാകുന്ന നീറ്റലും ചൊറിച്ചിലും എന്നിവ കാരണം നിരവധി ആളുകള്‍ ചികിത്സ തേടിയിട്ടുണ്ട്. അന്തരീക്ഷത്തിലെ മലിനീകരണം അപകടകരമായ നിലയിലായതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും സംഭരണികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഇറാന്റെ സമ്പദ്വ്യവസ്ഥയെ മാത്രമല്ല, ജനങ്ങളുടെ ജീവനെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ടെഹ്റാനിലെ അന്തരീക്ഷ വായുവില്‍ സള്‍ഫര്‍ ഡയോക്‌സൈഡ് ഉള്‍പ്പെടെയുള്ള മാരകമായ വാതകങ്ങളുടെ അളവ് വര്‍ദ്ധിച്ചതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Scroll to Top