യുദ്ധം അവസാനിപ്പിക്കാം, പക്ഷേ മൂന്ന് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് ഇറാന്‍; നിലപാട് വ്യക്തമാക്കി പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍
ടെഹ്‌റാന്‍: അമേരിക്കയുമായും ഇസ്രായേലുമായും തുടരുന്ന രൂക്ഷമായ സൈനിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ മൂന്ന് പ്രധാന ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇറാന്റെ നിയമപരമായ അവകാശങ്ങള്‍ അംഗീകരിക്കുക, യുദ്ധക്കെടുതികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഭാവിയില്‍ അധിനിവേശം ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര തലത്തില്‍ ഉറപ്പുനല്‍കുക എന്നിവയാണ് സമാധാനത്തിനുള്ള നിബന്ധനകളായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കൃത്യമായ വ്യവസ്ഥകള്‍ ഇറാന്‍ പരസ്യമായി വെളിപ്പെടുത്തുന്നത്.
അമേരിക്കയും സയണിസ്റ്റ് ഭരണകൂടവുമാണ് ഈ യുദ്ധത്തിന് തിരികൊളുത്തിയതെന്ന് കുറ്റപ്പെടുത്തിയ പെസഷ്‌കിയാന്‍, മേഖലയിലെ സാമ്പത്തിക-സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള തിരിച്ചടി തുടരുമെന്നും സൂചിപ്പിച്ചു. സമാധാനത്തോടുള്ള ഇറാന്റെ പ്രതിബദ്ധത ആവര്‍ത്തിക്കുന്നതിനായി റഷ്യന്‍, പാകിസ്ഥാന്‍ നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. ഇതിനിടെ, മേഖലയിലെ സമാധാന നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വ്യാഴാഴ്ച സൗദി അറേബ്യയിലേക്ക് ഹ്രസ്വ സന്ദര്‍ശനം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ ഈ പുതിയ നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
ഐഇഎ മുന്നറിയിപ്പ്
അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസത്തിന് കാരണമായതായി അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ മുന്നറിയിപ്പ്. പേര്‍ഷ്യന്‍ ഗള്‍ഫിലെ കപ്പലുകള്‍ക്കും ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കും നേരെ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട്. ലോകത്തിലെ പ്രതിദിന എണ്ണ ഉല്‍പ്പാദനത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച മട്ടാണെന്നും ഐഇഎ തങ്ങളുടെ പ്രതിമാസ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.




