മൊഗ്രാല്‍പുത്തൂര്‍ : ഏറെനാളത്തെ കാത്തിരിപ്പിനും കരുതലിനും
വിരാമം. അതിവ ജാഗ്രതയോടെയും ശ്രദ്ധയോടെയും പരിപാലിച്ച കടലാമ മുട്ടകള്‍ വിരിഞ്ഞപ്പോള്‍ കടലോരത്ത് ആഹ്‌ളാദത്തിമിര്‍പ്പ്. മൊഗ്രാല്‍പുത്തൂരിലെ കാവുഗോളി കടപ്പുറത്ത് കണ്ടെത്തി വിരിയെച്ചെടുത്ത 95 ഒലിവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമക്കുഞ്ഞുങ്ങളെയാണ് വ്യാഴാഴ്ച കടലിലേക്ക് വിട്ടയച്ചത്. കാവുഗോളിയിലെ കടലാമസംരക്ഷണ പ്രവര്‍ത്തകരായ ബി.കെ. ജയേഷ്, വേദ പ്രകാശ് എന്നിവരാണ് മുട്ടകള്‍ കണ്ടെത്തുന്നതും ഒരു പോറലുമേല്‍ക്കാതെ അവ സംരക്ഷിക്കുന്നതും. ഒലിവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട കടലാമകളാണ് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നല്ല നിലാവുള്ള രാത്രികളില്‍ മുട്ടയിടാനായി കാവുഗോളിയുടെ തീരത്തെത്തുന്നത്.
ആമകള്‍ നടന്നുപോയ വഴി കണ്ടെത്തി മുട്ടകള്‍ ശേഖരിക്കും. തിരമാലകള്‍ എത്താത്ത സ്ഥലത്തേക്ക് പിന്നീട് മുട്ടകള്‍ മാറ്റും. കാറ്റാടിക്കൂട്ടങ്ങളും കാടുകളും നിറഞ്ഞയിടങ്ങളായതിനാല്‍ പന്നി, നായ്ക്കള്‍ എന്നിവയുടെ ശല്യവുമുണ്ട്. ഇവയില്‍ നിന്ന് മുട്ടകള്‍ സംരക്ഷിക്കേണ്ടതായുണ്ട്. വലകളുപയോഗിച്ചും പ്ലാസ്റ്റിക് ഷീറ്റുകളുപയോഗിച്ചും മറച്ചാണ് മുട്ടകള്‍ സംരക്ഷിക്കുന്നത്. സാധാരണഗതിയില്‍ മുട്ടകള്‍ വിരിയാന്‍ 45-50 ദിവസങ്ങളെടുക്കും. ഇപ്പോള്‍ വിരിഞ്ഞത് 95 എണ്ണമാണ്. ഇനിയും 45 മുട്ടകള്‍ വിരിയാനുണ്ട്. ഗ്രാമപ്പഞ്ചായത്തംഗം സി. മല്ലിക പ്രഭാകറിന്റെ സാന്നിധ്യത്തിലായിരുന്നു കടലാമക്കുഞ്ഞുങ്ങളെ വിട്ടയച്ചത്.
കാസര്‍കോട് സാമൂഹികവനവത്കരണ വിഭാഗം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഗിരീഷ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) കെ.ആര്‍. വിജയനാഥ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ജയകുമാരന്‍, ബേക്കല്‍ തീരദേശ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. യൂസഫ് നടുത്തറപ്പറമ്പില്‍, എസ്.ഐ. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.




