പാചകവാതക നിയന്ത്രണം: പ്രതിസന്ധി രൂക്ഷം; ജില്ലാ പഞ്ചായത്ത് കുടുംബശ്രീ പ്രീമിയം കന്റീന്‍ അടച്ചു

കാസര്‍കോട് വാണിജ്യ വിഭാഗം സിലിണ്ടര്‍ വിതരണം നിര്‍ത്തിവച്ചതോടെ
ജില്ലയില്‍ ജില്ലാ പഞ്ചായത്ത് കുടുംബശ്രീ പ്രീമിയം കന്റീന്‍ അടച്ചു. ചെങ്കള പഞ്ചായത്തില്‍ നെല്ലിക്കട്ട, നാരംപാടി ഭാഗങ്ങളിലായി 10 ഹോട്ടലും കാസര്‍കോട് നുള്ളിപ്പാടിയിലെ ഒരു ഹോട്ടലും അടച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പല ഹോട്ടലുകളും അടച്ചിടലിന്റെ വക്കിലാണ്. നിലവില്‍ ഉപയോഗിക്കുന്ന പാചകവാതകം തീര്‍ന്നാല്‍ ജില്ലാ പഞ്ചായത്തിന്റെ നോണ്‍ പ്രീമിയം കന്റീനു കൂടി താഴ് വീഴും.
ജില്ലാ പഞ്ചായത്ത് കുടുംബശ്രീ കന്റീനില്‍ പ്രതിമാസം 40 വരെ 19 കിലോഗ്രാം പാചക വാതക സിലിണ്ടര്‍ ഉപയോഗിക്കുന്നതാണ്. ഇരുനുറോളം പേര്‍ക്കുള്ള ഊണ്, ബിരിയാണി, ചായ, പലഹാരങ്ങള്‍ എന്നിവയെല്ലാം ഇവിടെ ഒരുക്കുന്നുണ്ട്. 19 കിലോഗ്രാം പാചകവാതക സിലിണ്ടര്‍ വിതരണം റദ്ദായതോടെ കഴിഞ്ഞ രണ്ടു ദിവസം 5 കിലോ പാചകവാതക സിലിണ്ടര്‍ കിട്ടി. അതു തുടര്‍ന്നു കിട്ടിയില്ലെങ്കില്‍ നോണ്‍ പ്രീമിയം കന്റീന്‍ കൂടി അടച്ചിടും. 19 കിലോഗ്രാം പാചക വാതക സിലിണ്ടറിനു 2100 രൂപ ആണ് വില. 5 കിലോഗ്രാം സിലിണ്ടറിന് 500 രൂപ. ആറു വര്‍ഷം മുന്‍പ് തുടങ്ങിയതാണ് നിലവിലുള്ള കന്റീന്‍. ഒരേ കെട്ടിടത്തില്‍ തന്നെ മറ്റൊരു ഭാഗത്ത് ഒരു വര്‍ഷം മുന്‍പ് ആണ് പ്രീമിയം കന്റീന്‍ തുടങ്ങിയത്.

മുടങ്ങുമോ അന്നവും സംരംഭവും?
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെയും സിവില്‍ സ്റ്റേഷനിലെയും ജീവനക്കാരും പൊതുജനങ്ങളും ഉള്‍പ്പെടെ ആശ്രയിക്കുന്നതാണ് ജില്ലാ പഞ്ചായത്ത് കന്റീന്‍. കഴിഞ്ഞ രണ്ടു ദിവസം വിറക് അടുപ്പ് കൂട്ടി ചോറ് പാകം ചെയ്തു. 30 കിലോഗ്രാം അരിയാണ് പാകം ചെയ്തത്. എന്നാല്‍ കറിയും മറ്റു വിഭവങ്ങളും ഉള്‍പ്പെടെ ഒരുക്കുന്നതിന് അടുപ്പ് കൂട്ടാനുള്ള സൗകര്യം ഇവിടെയില്ല. ബയോഗ്യാസ് പ്ലാന്റ് ഉണ്ടെങ്കിലും 6 മണിക്കൂര്‍ ഉപയോഗിക്കാമെങ്കിലും ഗ്യാസ്, വിറക് അടുപ്പ് ഉപയോഗം പോലെ വിഭവങ്ങള്‍ തയാറാക്കാന്‍ അത് പര്യാപ്തമല്ല.

ആറു പേരില്‍ തുടങ്ങി ഇപ്പോള്‍ 18 വനിതകളും രണ്ടു പുരുഷന്മാര്‍ ഉള്‍പ്പെടെ ഇരുപത് പേരുടെ സംരംഭമാണ് ഇത്. ജോലി ചെയ്യുന്നതും ഇവര്‍ തന്നെ. പ്രതിമാസം കെട്ടിട വാടക 20,060 രൂപ നല്‍കണം. വൈദ്യുതി, വെള്ളം നിരക്ക് വേറെയും. വൈദ്യുതി, വെള്ളം, പാചക വാതക നിരക്കുകളിലെല്ലാം പല ഘട്ടങ്ങളിലായി വന്‍ വര്‍ധന വന്നതിനു പിന്നാലെയാണ് പാചകവാതകം കിട്ടാത്ത സ്ഥിതിയില്‍ അടച്ചിടേണ്ട നിലയിലേക്ക് എത്തിയത്. വാണിജ്യ വിഭാഗം പാചകവാതക സിലിണ്ടര്‍ വിതരണം പുനരാരംഭിക്കുന്നത് വരെ അടച്ചിട്ടാല്‍ തന്നെ ആ ദിവസങ്ങളിലെ വൈദ്യുതി, വെള്ളം നിരക്ക്, വാടക തുടങ്ങിയവ നല്‍കേണ്ടി വരികയെന്നത് വലിയ സാമ്പത്തിക ബാധ്യതയാകും ഈ വനിതാ സംരംഭകര്‍ക്ക്.

വിറക് അടുപ്പ്: പുക തടസ്സം
കോവിഡ് കാലത്ത് മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉള്‍പ്പെടെ ഭക്ഷണം നല്‍കിയ പെരുമ്പള അന്നപൂര്‍ണ കുടുംബശ്രീ കലക്ടറേറ്റ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലേക്കും മറ്റുമായി ഭക്ഷണം പാചകം ചെയ്ത് എത്തിക്കുന്ന സ്ഥാപനമാണ്. ഇന്നലെയും അവിടെ നിന്നുള്‍പ്പെടെ വിളി വന്നു ഭക്ഷണം എത്തിക്കാന്‍. പാചകവാതക സിലിണ്ടര്‍ വിതരണം നിലച്ചതോടെ ഉള്ളത് ഉപയോഗിച്ചു പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഭക്ഷണ വിതരണം പകുതിയായി കുറച്ചു. വിറക് ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടെങ്കിലും വിറക് അടുപ്പില്‍ തിളപ്പിച്ച വെള്ളം, വിഭവങ്ങള്‍ തുടങ്ങിയവ പലരും ഇഷ്ടപ്പെടാത്ത സ്ഥിതിയുണ്ട്. പുക ഊറുന്ന പരാതിയാണ് പലര്‍ക്കും എന്നാണ് കാരണം. മാത്രമല്ല വിറകിനു തീ പിടിപ്പിക്കാനുള്ള സമയം ഉള്‍പ്പെടെ ഏറെ നേരം വേണ്ടി വരുന്നതും പ്രധാന തടസ്സമാണ്. വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ അധ്യാപകരുടെയും മറ്റും വിരമിക്കല്‍ പാര്‍ട്ടി തുടങ്ങിയവയ്ക്ക് ഭക്ഷണം എത്തിക്കാനുള്ള ബുക്കിങ് വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുകയാണ് കുടുംബശ്രീ സംരംഭകരും ഇതര കേറ്ററിങ് ഉടമകളും.

അടച്ചത് 10 ഹോട്ടല്‍, മുടങ്ങിയത് നൂറോളം പേരുടെ തൊഴില്‍
. ചെങ്കള പഞ്ചായത്തില്‍ നെല്ലിക്കട്ട, നാരംപാടിയിലെ 10 ഹോട്ടല്‍ അടച്ചപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള നൂറോളം പേരുടെ തൊഴിലും പ്രതിസന്ധിയിലായി. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ നെല്ലിക്കട്ട യൂണിറ്റ് സെക്രട്ടറി മുഹമ്മദ് നൗഫലിന്റെ നാരംപാടിയിലെ ഹോട്ടലില്‍ 14 തൊഴിലാളികളും നെല്ലിക്കട്ടയില്‍ 25 തൊഴിലാളികളും ആണ് ഉണ്ടായിരുന്നത്. നാരംപാടിയിലെ ഹോട്ടല്‍ ബുധനാഴ്ച അടച്ചു. നെല്ലിക്കട്ടയിലെ ഹോട്ടല്‍ ഇന്നലെ ഉച്ചയോടെ അടച്ചു. അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം കെ.ബി.അജേഷിന്റെ നുള്ളിപ്പാടിയിലെ ഹോട്ടല്‍ ഇന്നലെ ഉച്ചയോടെ അടച്ചു.
പ്രതിസന്ധിയില്‍ പഞ്ചനക്ഷത്ര ഹോട്ടലും
വാണിജ്യ സിലിണ്ടര്‍ വിതരണം നിര്‍ത്തിയതോടെ പഞ്ചനക്ഷത്ര ഹോട്ടലുകളും വലിയ പ്രതിസന്ധിയുടെ നിഴലിലാണ്. അടച്ചിടാന്‍ കഴിയില്ല. ഉദുമയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ 130 കിലോഗ്രാം പാചകവാതകം ആണ് പ്രതിദിന ഉപയോഗം.

സ്റ്റോക്കുള്ളത് തീര്‍ന്നാല്‍ വൈദ്യുതി ഇന്ധനത്തിലേക്ക് മാറേണ്ടി വരും. എന്നാല്‍ വൈദ്യുതി ഉപയോഗം താങ്ങാനാകാത്ത വിലയാണ്. ഇങ്ങനെ വേണ്ടി വന്നാല്‍ മെനുവില്‍ മാറ്റം വരുത്തേണ്ടി വരുന്ന സാഹചര്യവും ഉണ്ട്. പാത്രത്തില്‍ അല്ലാതെ ഗ്യാസ് അടുപ്പില്‍ വച്ചു നേരിട്ടു ചുട്ടെടുക്കുന്ന വിഭവങ്ങള്‍ ഉണ്ട്. അതിനു വൈദ്യുതി അടുപ്പ് പറ്റില്ല. വാണിജ്യ വാതക സിലിണ്ടര്‍ വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍.

Scroll to Top