കുമ്പള:മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തില്‍ ഉപഭോക്താക്കള്‍ വിഷമിക്കുന്നു. കുമ്പള കെഎസ്ഇബി സെക്ഷനിലെ വൈദ്യുതി മുടക്കം കൊടും വേനലിലും തുടരുന്നു. റംസാന്‍ ആരംഭത്തോടെ വൈദ്യുതി മുടക്കം ഇവിടെ പതിവായിരിക്കുകയാണ്. സര്‍ക്കാര്‍ പത്രപരസ്യങ്ങളില്‍ ‘കേരളത്തില്‍ വെളിച്ച വിപ്ലവം’ അവകാശപ്പെടുമ്പോഴാണ് കുമ്പളയിലെ വൈദ്യുതി പ്രതിസന്ധി അതി ദുസ്സഹമായിക്കൊണ്ടിരിക്കുന്നതെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.
കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ സഹികെട്ട ഉപഭോക്താക്കള്‍ സെക്ഷന്‍ ഓഫീസില്‍ ഇരച്ചുകയറി രാത്രി ബഹളം വെക്കുകയും, കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.കുമ്പള സെക്ഷനില്‍ അടിക്കടി ഉണ്ടാവുന്ന വൈദ്യുതി പ്രതിസന്ധി അധികാരികളെ രേഖാമൂലം അറിയിക്കുന്നെങ്കിലും പ്രതിസന്ധി തുടരുകയാണെന്നു അവര്‍ പറയുന്നു.
ഒരാഴ്ചയോളമായി മഞ്ചേശ്വരം – കാസര്‍കോട് താലൂക്കുകളില്‍ കര്‍ണാടക വൈദ്യുതി മുടങ്ങുന്നുണ്ട്. മെയിലാട്ടി-വിദ്യാനഗര്‍ ലൈനില്‍ വൈദ്യുതി മുടങ്ങിയാലും ഈ താലൂക്കുകളില്‍ വൈദ്യുതി മുടങ്ങുന്നത് പതിവാണ്.ഇതുമൂലം 15 മിനിറ്റ് ഇടപെട്ട് ഫീഡറുകള്‍ തോറും കഴിഞ്ഞ ആഴ്ച വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. പരീക്ഷ ചൂടും, വേനല്‍ചൂടും, നോമ്പുകാലവും കൂടിയാകുമ്പോള്‍ വൈദ്യുതി മുടക്കം ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരമാകുകയാണ്. ഇപ്പോള്‍ ഈ താലുക്കുകളില്‍ വൈദ്യുതി ഉപയോഗം കൂടിയതിനാല്‍ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ആരോപണമുണ്ട്.
കുമ്പള ഭാഗത്താണെങ്കില്‍ ഇപ്രാവശ്യം വേനല്‍ മഴ ലഭിച്ചതുമില്ല. ജനം വെന്തുരുകുമ്പോഴാണ് നിരന്തരമായി വൈദ്യുതി തടസ്സം നേരിടുന്നത്. ഇതില്‍ ഏറെ പ്രയാസപ്പെടുന്നത് കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ള പിഞ്ചുകുട്ടികളാണ്. കിടപ്പ് രോഗികളുടെ കാര്യം പറയേണ്ടതുമില്ല.
എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷയ്ക്കിടയിലാണ് വൈദ്യുതി മുടക്കമെന്നത് വിദ്യാര്‍ത്ഥികളെയും വല്ലാതെ വിഷമിപ്പിക്കുന്നു.
കടുത്ത ചൂട്, പരീക്ഷ, റംസാന്‍: കുമ്പളയില്‍ വൈദ്യുതി മുടക്കം; ദുരിതം




