മേല്‍പ്പറമ്പില്‍ മാംസവിലയില്‍ കൊള്ളലാഭം? – ജില്ലാതല അന്വേഷണം ആവശ്യപ്പെട്ടു ജില്ലാ ജനകീയ നീതി വേദി

മേല്‍പ്പറമ്പില്‍ മാംസവിലയില്‍ കൊള്ളലാഭം? – ജില്ലാതല അന്വേഷണം ആവശ്യപ്പെട്ടു ജില്ലാ ജനകീയ നീതി വേദി

കാസര്‍കോട്: ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ മേല്‍പ്പറമ്പ് ടൗണില്‍ പ്രവര്‍ത്തിക്കുന്ന മാംസ കച്ചവട കേന്ദ്രങ്ങളില്‍ അമിതവില ഈടാക്കി കൊള്ളലാഭം നേടുന്നതായി ഉയര്‍ന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ ജനകീയ നീതി വേദി ബന്ധപ്പെട്ട അധികാരികള്‍ക്ക് ഔദ്യോഗിക പരാതി നല്‍കി. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതിപത്രം കൈമാറിയതായി സംഘടന വ്യക്തമാക്കി.

പരാതിയില്‍ പറയുന്നതനുസരിച്ച് മേല്‍പ്പറമ്പ് ടൗണില്‍ പോത്തിറച്ചിക്ക് കിലോയ്ക്ക് 550 രൂപയും, ആട്ടിറച്ചിക്ക് 800 രൂപയും, കോഴിയിറച്ചിക്ക് 160 മുതല്‍ 170 രൂപ വരെയും ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം കാസര്‍കോട് ടൗണില്‍ പോത്തിറച്ചി കിലോയ്ക്ക് 380-400 രൂപയും, ആട്ടിറച്ചി 550-600 രൂപയും, കോഴിയിറച്ചി 135-140 രൂപയുമാണ് വില്‍പ്പന വിലയായി പറയപ്പെടുന്നത്. ഒരേ ജില്ലയില്‍ തന്നെ ഇത്രയും വലിയ വില വ്യത്യാസം നിലനില്‍ക്കുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മാംസ കച്ചവട സ്ഥാപനങ്ങളില്‍ വില്‍ക്കുന്ന സാധനങ്ങളുടെ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിയമം നിലവിലുണ്ടെങ്കിലും മേല്‍പ്പറമ്പിലെ മിക്ക കടകളിലും ഇത് പാലിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കൂടാതെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇടുങ്ങിയ മുറികളില്‍ വെച്ചാണ് അറവ് മൃഗങ്ങളെ അറുക്കുന്നതെന്നും, പരിസരം ആരോഗ്യപരമായി അത്യന്തം മലിനമായിരിക്കുമ്പോഴും പഞ്ചായത്ത് ആരോഗ്യ വിഭാഗം ആവശ്യമായ പരിശോധനയും നിര്‍ദേശങ്ങളും നല്‍കുന്നില്ലെന്നും സംഘടന ആരോപിച്ചു.

മാംസവിലകള്‍ കച്ചവടക്കാരുടെ ഇഷ്ടാനുസരണം നിശ്ചയിക്കുന്ന നിലവിലെ അവസ്ഥയ്ക്ക് അടിയന്തരമായി മാറ്റം വരുത്തണമെന്നും, ഓരോ ദിവസവും വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിയമപരമായി ഉറപ്പാക്കണമെന്നും ജില്ലാ ജനകീയ നീതി വേദി ആവശ്യപ്പെട്ടു. അതോടൊപ്പം ജില്ലയില്‍ മാംസവിലകള്‍ക്ക് ഏകീകൃത നിരക്ക് കൊണ്ടുവരുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലാ സപ്ലൈ ഓഫീസറെ സമീപിച്ചിരിക്കുന്നത്.

പ്രശ്‌നത്തില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ ജനപ്രക്ഷോഭത്തിന് ഇറങ്ങേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

Scroll to Top