നരേന്ദ്രമോദി ഭരണത്തില്‍ സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ന്നു : എംഎല്‍ അശ്വിനി
കുമ്പള : എല്ലാ കുടുംബങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതിലൂടെ ഭാരതത്തിലെ കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിത നിലവാരം നരേന്ദ്ര മോദി സര്‍ക്കാര്‍ ഉയര്‍ത്തിയെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി പറഞ്ഞു. മഹിളാമോര്‍ച്ച കുമ്പള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേരളത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായിട്ട് പോലും അത് പ്രയോജനപ്പെടുത്താനും കേന്ദ്ര ജനക്ഷേമ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാനും പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
വികസനപദ്ധതികളില്‍ പോലും വിവേചനം കാട്ടി യുഡിഎഫ് എംഎല്‍എമാര്‍ മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലത്തിലെ ജനങ്ങളെ വഞ്ചിച്ചു. ഇന്നും ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് കര്‍ണ്ണാടകയിലെ നഗരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജില്ലയിലെ ജനങ്ങള്‍. കന്നഡ ഭാഷക്കാരുടെ ഭാഷാപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല മലയാളം നിര്‍ബന്ധമാക്കിയ ബില്ലില്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലെ ജനങ്ങള്‍ക്ക് ഇളവ് ആവശ്യപ്പെടാന്‍ പോലും ഈ മുസ്ലിംലീഗ് എംഎല്‍എമാര്‍ തയ്യാറായില്ല.
കേരളത്തിലെ വര്‍ദ്ധിച്ച ഭൂമി വില കണക്കിലെടുത്ത് ദേശീയപാതാ വികസന ചെലവിന്റെ നിശ്ചിത ശതമാനം ഏറ്റെടുക്കുമെന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും എന്നാല് നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയപാതാ വികസനവുമായി മുന്നോട്ട് പോയെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
മഹിളാ മോര്‍ച്ച കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശാരദ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രന്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, മഹിളാമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ.എസ്. രമണി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനിതാ നായിക്, പ്രേമലത എസ്, ബിജെപി കുമ്പള മണ്ഡലം പ്രസിഡന്റ് സുനില്‍ അനന്തപുരം, കുമ്പള പഞ്ചായത്ത് ഏരിയ പ്രസിഡന്റുമാരായ സുജിത്ത് റൈ, ശിവപ്രസാദ് റൈ, ബിജെപി കുമ്പള മണ്ഡലം വൈസ് പ്രസിഡന്റ് പ്രേമാവതി ഷെട്ടി, വിദ്യ എന്‍. പൈ, പ്രേമ വി. ഷെട്ടി, അമിത ആള്‍വ എന്നിവര്‍ സംസാരിച്ചു.
മഹിളാ സംഗമത്തിന് മുന്നോടിയായി കുമ്പള നഗരത്തില്‍ നൂറുകണക്കിന് മഹിളകള്‍ പങ്കെടുത്ത പ്രകടനവും നടന്നു. ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കുമ്പള സഹകരണ ബാങ്ക് പരിസരത്ത് സമാപിച്ചു.




