കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 124 പരാതികളില്‍ 96 പരാതികള്‍ പൂര്‍ണ്ണമായും പരിഹരിച്ചു. 28 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു വെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി അദാലത്ത് വേദിയില്‍ 231 പുതിയ പരാതികള്‍ ലഭിച്ചു. അദാലത്തില്‍ പരിഗണിച്ച പരാതികളില്‍ 17 എണ്ണം പോലീസുമായി ബന്ധപ്പെട്ടും 86 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതും 29 എണ്ണം തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടതും 24 പരാതികള്‍ മറ്റ് വകുപ്പുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടവയുമായിരുന്നു.
പരാതികള്‍ യഥാസമയം തീര്‍പ്പാക്കുന്നതില്‍ ജീവനക്കാര്‍ക്കുള്ള ഉദാസീനത മാറ്റി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരിയയിലെ ചെങ്ങറ പുനരധിവാസ കേന്ദ്രത്തിലെ താമസക്കാര്‍ നല്‍കിയ പരാതിയില്‍ പട്ടികജാതി പട്ടിക ഗോത്ര പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പരാതികള്‍ പരിഹരിക്കുമെന്നും ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ ഇതിനോടകം സ്ഥലം സന്ദര്‍ശിച്ചുവെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൂടുതലായും കമ്മീഷന് മുന്നിലെത്തിയത്. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ ഇത്തരം പരാതികള്‍ക്ക് പരിഹാരമാകുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ നടത്തിയ അദാലത്ത് കമ്മീഷന്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചുവെന്നും ജില്ലയിലെ അദാലത്ത് പൂര്‍ണ്ണ വിജയമായിരുന്നുവെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ബായാര്‍ വില്ലേജിലെ കന്ന്യാനയിലെ അണ്ണപ്പ നായ്കും സുശീലയും ഡി.ടി.പി.സി ഏറ്റെടുത്ത ഭൂമി ആയതിനാല്‍ തങ്ങളുടെ ഭൂമിക്ക് നികുതി അടക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായാണ് കമ്മീഷന് മുന്നിലെത്തിയത്. ഡി.ടി.പി.സി സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം അണ്ണപ്പ നായ്കിന്റെ ഭൂമി ഡി.ടി.പി.സിയുടെ കൈവശമുള്ള ഭൂമിയില്‍ ഉള്‍പ്പെടുന്നില്ലെന്ന വിവരം താഹ്സില്‍ദാറെ അറിയിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.