ഗള്‍ഫില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎഇയും സൗദിയും
തുടര്‍ച്ചയായ 17-ാം ദിവസവും ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. ദുബായ് വിമാനത്താവളത്തിന് സമീപം ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ധന ടാങ്കിന് തീ പിടിച്ചു. അബുദാബിയില്‍ വാഹനത്തില്‍ മുകളില്‍ മിസൈല്‍ പതിച്ച് പലസ്തീന്‍ പൗരന്‍ മരിച്ചു. 21 ഡ്രോണുകളെയും ആറ് ബാലിസ്റ്റിക് മിസൈലുകളയും ഇന്ന് നേരിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സൗദിയും യുഎഇയും ആവശ്യപ്പെട്ടു. അതിനിടെ നാറ്റോ രാജ്യങ്ങള്‍ക്കെതിരെ ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.
ഇറാന്റെ തന്ത്രപ്രധാന മേഖലയായ ഖാര്‍ഗ് ദ്വീപില്‍ യുഎസിന്റെ സൈനിക നടപടി ഉണ്ടായതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം വീണ്ടും ഇറാന്‍ ശക്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ധന ടാക്കിന് തീപിടിച്ചു. എന്നാല്‍ അധികം വൈകാതെ തീയണക്കാന്‍ സുരക്ഷാ സേനക്ക് കഴിയിഞ്ഞു.ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
അബുദാബിയിലെ അല്‍ബഹയ മേഖലയില്‍ വാഹനത്തിന് മുകളില്‍ മിസൈല്‍ പതിച്ച് പലസ്തീന്‍ പൗരന് ജീവന്‍ നഷ്ടമായി. ഇതോടെ ഇറാന്‍ ആക്രമണത്തില്‍ യുഎഇയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴ് ആയി. 145 പേര്‍ക്കാണ് ഇതുവരെ പരിക്കേറ്റത്. ഫുജൈറയില്‍ ഓയില്‍ വ്യവ്യവസായ മേഖലയിലും ഡ്രാണിന്റെ അവശിഷ്ടങ്ങള്‍ വീണ് തീപിടുത്തമുണ്ടായി. ബഹ്റൈനില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അദാരി മേഖലയിലെ ഒരു ഫാമില്‍ തീപിടുത്തമുണ്ടായിതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു
സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലകളിലും ഇറാന്റെ ആക്രണ ശ്രമങ്ങള്‍ ഉണ്ടായി. സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ യുഎഇ പ്രസിഡന്റും സൗദി കീരീടാവകാശിയും തമ്മില്‍ ടെലഫോണില്‍ ചര്‍ച്ച നടത്തി. ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കാന്‍ നയതന്ത്ര ഇടപെടല്‍ വേണമെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രിയും യുഎഇയില്‍ എത്തി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. അതേസമയം ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ സഹായിച്ചില്ലെങ്കില്‍ ഭാവി മോശമായിരിക്കുമെന്ന് നാറ്റോ രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. എത്രനാള്‍ വേണമെങ്കിലും യുദ്ധം തുടരാന്‍ തയ്യാറാണെന്നാണ് ഇറാന്റെ പ്രഖ്യാപനം.




