പാചകവാതകക്ഷാമത്തിനു പരിഹാരമായേക്കും; 26000 മെട്രിക് ടണ്‍ പാചക വാതകവുമായി ശിവാലിക് കപ്പല്‍ മംഗ്‌ളൂരുവില്‍ എത്തി

കാസര്‍കോട്: രുക്ഷമായി തുടരുന്ന പാചകവാതക ക്ഷാമത്തിനു പരിഹാരമായേക്കുമെന്നു പ്രതീക്ഷ: 26,000 മെട്രിക് ടണ്‍ പാചകവാതകവുമായി ശിവാലിക് എല്‍പിജി കപ്പല്‍ മംഗ്‌ളൂരു ന്യൂ തുറമുഖത്ത് എത്തി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥക്കിടയില്‍ ഹോര്‍മുസ് കടലിടുക്ക് കടന്നാണ് കപ്പലെത്തിയത്. 46,000 മെട്രിക് ടണ്‍ പാചകവാതകവുമായാണ് ശിവാലിക് കപ്പല്‍ യാത്ര തിരിച്ചത്. ആദ്യം ഗുജറാത്തിലാണ് എത്തിയത്. അവിടെ 20,000 മെട്രിക് ടണ്‍ പാചകവാതകം ഇറക്കിയ ശേഷമാണ് ശിവാലിക് മംഗ്‌ളൂരുവിലെത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഓര്‍ഡര്‍ ചെയ്ത ലിക്വിഡ് എല്‍പിജിയുമായാണ് കപ്പല്‍ എത്തിയത്. മാര്‍ച്ച് ആദ്യ വാരത്തില്‍ ഖത്തറിലെ റാസ ലഫാന്‍ തുറമുഖത്തു നിന്നുമാണ് കപ്പല്‍ യാത്ര തിരിച്ചത്. ഒപ്പം നന്ദാദേവി എന്ന കപ്പലും ഉണ്ടായിരുന്നു. സംഘര്‍ഷം കാരണം എല്‍പിജി കാരിയര്‍ കപ്പലുകള്‍ക്ക് നേരത്തെ കടലിടുക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇറാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോകാന്‍ അനുവദിക്കുകയായിരുന്നു. ഇതോടെയാണ് രാജ്യത്തെ വലിയ പാചകവാതക പ്രതിസന്ധി ആശങ്ക നീങ്ങിയത്.

Scroll to Top