ഇതുവരെ ഒരു സ്ത്രീപോലും നിയമസഭയിലെത്തിയില്ല; കാസര്‍കോട്ടെ ചരിത്രം ഇങ്ങനെയാണ്

കാസര്‍കോട്: കാസര്‍കോട്ടുകാര്‍ സ്ത്രീവിരോധികളാണോ?
അല്ലെന്നൊക്കെ വാദിക്കാമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യമെടുക്കുമ്പോള്‍ അങ്ങനെ പറയേണ്ടിവരും. ജില്ലയില്‍നിന്ന് ഇതുവരെ ഒരു സ്ത്രീപോലും നിയമസഭയുടെ പടി കണ്ടിട്ടില്ല. സ്ത്രീ ശാക്തീകരണത്തെയും വനിതാ പ്രാതിനിധ്യത്തെയും കുറിച്ചൊക്കെ പറയുമെങ്കിലും എല്‍.ഡി.എഫ്., യു.ഡി.എഫ്. മുന്നണികള്‍ ഇതുവരെ ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍പോലും തയ്യാറായിട്ടില്ല. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥിതി ഇതാണ്.

എന്നാല്‍ ജില്ലയില്‍ ഇതുവരെ ഒരു നിയമസഭാ മണ്ഡലത്തിലും ജയിക്കാനായിട്ടില്ലെങ്കിലും ബി.ജെ.പി. വനിതാ സ്ഥാനാര്‍ഥിയെ പരീക്ഷിച്ചിരുന്നു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍നിന്ന് ജയലക്ഷ്മി എന്‍. ഭട്ടാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ എന്‍.എ.നെല്ലിക്കുന്നിനെതിരേ മത്സരിച്ച അവര്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

എന്‍.എ.നെല്ലിക്കുന്നിന് 53,068 വോട്ടും ജയലക്ഷ്മി എന്‍.ഭട്ടിന് 43,330 വോട്ടും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഐ.എന്‍.എല്ലിലെ അസീസ് കടപ്പുറത്തിന് 16,467 വോട്ടുമാണ് ലഭിച്ചത്. 9738 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എന്‍.എ.നെല്ലിക്കുന്ന് ജയിച്ചത്.

ഇത്തവണയും എല്‍.ഡി.എഫ്., യു.ഡി.എഫ്. മുന്നണികള്‍ വനിതകളെ മത്സരിപ്പിക്കുന്നില്ല. എന്‍.ഡി.എ. മുന്നണിയുടെ സ്ഥാനാര്‍ഥിയായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി കാസര്‍കോട്ട് സ്ഥാനാര്‍ഥിയാകാനിടയുണ്ട്. അശ്വിനി ഇല്ലെങ്കില്‍ ജില്ലയില്‍ പ്രധാന മുന്നണികള്‍ക്കൊന്നും ഇത്തവണ വനിതാ സ്ഥാനാര്‍ഥിയുണ്ടാകില്ല.

Scroll to Top