മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ അന്തസ്സംസ്ഥാന യാത്രയ്ക്കായി തയ്യാറെടുക്കുന്നു. സഞ്ചാരികളുടെ ഇഷ്ടയിടമായ ഗോവയിലേക്കുള്ള യാത്രയാണു പ്രധാനം മൂന്നു രാത്രിയും രണ്ടു പകലുമായുള്ള യാത്രയാണിത്. ഗോവയിലെ ബീച്ചുകളും ചരിത്രസ്മാരകങ്ങളും രാത്രിജീവിതവും ഗോവന്‍ ഭക്ഷണവും ആസ്വദിക്കാവുന്ന തരത്തിലാണ് ആസൂത്രണം.

കാസര്‍കോടുവരെ കെ.എസ്.ആര്‍.ടി.സി. ബസിലും അവിടെനിന്ന് ഗോവവരെ സ്വകാര്യ ആഡംബര എ.സി. ബസിലുമാകും യാത്ര. താമസത്തിനു മികച്ച ഹോട്ടലുകളാകും. കേരള ടൂറിസം ഡിവലപ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി(കെ.ടി.ഡി.എസ്.)യുമായി ചേര്‍ന്നാണു പദ്ധതി. യാത്രാനിരക്കു തീരുമാനിച്ചിട്ടില്ല. എല്ലാ ഡിപ്പോകളില്‍നിന്നും യാത്രയുണ്ടാകും..

ഊട്ടി, കൊടൈക്കനാല്‍, രാമേശ്വരം, വേളാങ്കണ്ണി, മേഘമലൈ, പളനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കും യാത്ര യൊരുക്കുന്നുണ്ട്. അവധിക്കാലത്ത് ഒട്ടേറെ പുതിയ യാത്രകളും ബജറ്റ് ടൂറിസം സെല്‍ ഒരുക്കുന്നുണ്ട്.ഏപ്രില്‍ ഒന്നുമുതല്‍ ആലപ്പുഴയില്‍ തുടങ്ങുന്ന സീ ആലപ്പുഴ യാത്രയെക്കുറിച്ച് ഏറെ അന്വേഷണമെത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഈ മാതൃകയില്‍ സീ അഷ്ടമുടി യാത്ര കൊല്ലത്തുണ്ടാകും.

Scroll to Top