ചെന്നൈ : ഐപിഎല്‍ ആവേശത്തിന് തിരികൊളുത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ക്ക് പ്രൈസ് ഗിഫ്റ്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സിഎസ്‌കെ റോര്‍ എന്ന പേരില്‍ ചെന്നൈ വര്‍ഷാവര്‍ഷം നടത്തി വരുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ ഇതിഹസാതാരങ്ങളെ അണിനിരത്താനാണ് ചെന്നെയുടെ പ്ലാന്‍. സുരേഷ് റെയ്ന, മുത്തയ്യ മുരളീധരന്‍, മാത്യു ഹെയ്ഡന്‍, ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാവും. ചെന്നൈയിലില്ലാത്ത രവിചന്ദ്രന്‍ അശ്വിന്‍ പങ്കെടുത്തേക്കില്ല.
2008 മുതല്‍ ചെന്നൈയുടെ ഭാഗമായ റെയ്ന 2021ലാണ് അവസാനമായി ഫ്രാഞ്ചൈസിക്കായി കളിച്ചത്. മിസ്റ്റര്‍ ഐപിഎല്‍ എന്ന വിളിപ്പേരുള്ള താരം 4 തവണ ചെന്നൈക്കൊപ്പം കിരീടമുയര്‍ത്തിയിട്ടുണ്ട്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുഖ്യ പരിശീലകനായി ചുമതലയേറ്റ മാത്യു ഹെയ്ഡന്‍ 2008 മുതല്‍ 2010 വരെ ചെന്നൈക്കായി കളിച്ച താരമാണ്. സമാന കാലയളവില്‍ തന്നെയാണ് മുത്തയ്യ മുരളീധരനും ചെന്നൈയില്‍ കളിച്ചത്. നിലവില്‍ സണ്‍റൈസേഴ്സ് ഹൈദരബാദില്‍ ബോളിങ് പരിശീലകനായി സേവനമനുഷ്ഠിക്കുകയാണ് താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററായ ഡ്വെയ്ന്‍ ബ്രാവോ 2011 മുതല്‍ 2022 വരെ ചെന്നൈക്കൊപ്പം ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.
മാര്‍ച്ച് 23 ഞായറാഴ്ച്ചയാണ് പരിപാടി നടക്കുന്നത്. എആര്‍ റഹ്‌മാന്‍ നയിക്കുന്ന ഗാനവിരുന്നും പരിപാടിയുടെ ഭാഗമായി നടക്കും.
സുരേഷ് റെയ്ന വീണ്ടും ചെപ്പോക്കില്‍ ; ആവേശമുണര്‍ത്താന്‍ ഒരുങ്ങി സിഎസ്‌കെ റോര്‍ 2026




