യുദ്ധഭീതിയിലും സാമ്പത്തികം മുഖ്യം; ഇറാനെ തൊടാതെ ?ഗള്‍ഫ് രാജ്യങ്ങളുടെ തന്ത്രപരമായ പിന്മാറ്റം
പശ്ചിമേഷ്യ യുദ്ധക്കളമാകാന്‍ ഒരുങ്ങുമ്പോഴും ഇറാനെതിരെ നേരിട്ടുള്ള സൈനിക നീക്കങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വിട്ടുനില്‍ക്കുന്നു. സ്വന്തം മണ്ണില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഇറാനെ പിണക്കാന്‍ സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയ്യാറല്ല. അമേരിക്കയുടെ യുദ്ധതന്ത്രങ്ങള്‍ക്ക് കൈകൊടുക്കാതെ, സ്വന്തം സുരക്ഷയ്ക്കും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന തന്ത്രപരമായ നിലപാടാണ് ഗള്‍ഫ് നാടുകള്‍ സ്വീകരിക്കുന്നത്.
ഒരുകാലത്ത് ഇറാന്റെ കടുത്ത ശത്രുക്കളായിരുന്ന സൗദി അറേബ്യ ഇപ്പോള്‍ ചൈനയുടെ മധ്യസ്ഥതയില്‍ ഇറാനുമായി നയതന്ത്രബന്ധം പുതുക്കിയിരിക്കുകയാണ്. വീണ്ടുമൊരു യുദ്ധമുണ്ടായാല്‍ തങ്ങളുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളും വിനോദസഞ്ചാര മേഖലയും തകരുമെന്ന് ഇവര്‍ ഭയപ്പെടുന്നു. യമനിലെ ഹൂതി വിമതരില്‍നിന്നും ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള തിരിച്ചടികള്‍ ഒഴിവാക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.
ഇറാനെ ആക്രമിക്കാന്‍ കൂട്ട് നില്‍ക്കില്ല
ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് വമ്പന്‍ സൈനിക താവളങ്ങളുണ്ട്. എന്നാല്‍ ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്ന കര്‍ശന നിലപാടിലാണ് പല രാജ്യങ്ങളും. ഇസ്രായേലിനെ സഹായിക്കാന്‍ ഇറാനെതിരെ യുദ്ധത്തിന് ഇറങ്ങുന്നത് അറബ് ലോകത്തെ ജനവികാരത്തിന് വിരുദ്ധമാകുമെന്നും ഭരണാധികാരികള്‍ കണക്കുകൂട്ടുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ വലിയ സാമ്പത്തിക മാറ്റങ്ങളുടെ പാതയിലാണ്. ഒരു പ്രാദേശിക യുദ്ധം ഈ സ്വപ്നങ്ങളെല്ലാം തകര്‍ക്കും. ഇറാനെ ആക്രമിക്കുന്നതിനേക്കാള്‍ നല്ലത് അവരുമായി ചര്‍ച്ച നടത്തി സമാധാനമായി പോകുന്നതാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചറിയുന്നു. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കായി സ്വന്തം നാട് പണയപ്പെടുത്താന്‍ അറബ് ലോകം തയ്യാറല്ല.




