സര്‍വത്ര നിയമലംഘനം; വാഹനവകുപ്പ് കണ്ണടക്കുന്നു

കാസര്‍കോട്, നിരത്തുകളില്‍ ജീവന്‍ പലത് പൊലിയുമ്പോഴും അപ്പോള്‍ ശ്രദ്ധിക്കുമല്ലാതെ വീണ്ടും എല്ലാം പഴയ പടിയാകുന്നതാണ് കാണാന്‍ കഴിയുന്നത്. പലതരം നിയമലംഘനങ്ങളാണ് കാസര്‍കോട് നഗരത്തില്‍ തന്നെ പതിവായി കാണാന്‍ കഴിയുന്നത്. എന്നാല്‍, വാഹനവകുപ്പ് അധികൃതര്‍ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല എന്നാണ്) ജനങ്ങളുടെ ആരോപണം. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ പോകുന്നതും സീറ്റ് ബെല്‍റ്റിടാതെ കാര്‍ ഡ്രൈവിങ്ങും മൊബൈലില്‍ വിളിച്ചുള്ള ഡ്രൈവിങ്ങും എങ്ങും പതിവുകാഴ്ചയാണ്). ആരും ചോദിക്കില്ല എന്നുള്ളതുകൊണ്ടുതന്നെ ഇതെല്ലാം പതിവായി നഗരത്തില്‍ സംഭവിക്കുന്നുമുണ്ട്.

കാസര്‍കോട് നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ വലിയ സ്‌ഫോടനശബ്ദത്തോടെ അര്‍ധരാത്രിയില്‍ ഓടിക്കുന്നതും സ്ഥിരംകാഴ്ച്ചയാണെന്നും ഇത് വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും നഗരത്തില്‍ രാത്രി ജോലിചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരും മറ്റും പറയുന്നുണ്ട്. എന്നാല്‍, ഇത് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരെ അറിയിക്കാമെന്നുവെച്ചാല്‍ അവര്‍ ഫോണെടുക്കാനും തയാറാകുന്നില്ല എന്നും പരാതിയുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് ജോലിയെന്നുപറഞ്ഞ് തടിയൂരാനാണ് ഇപ്പോള്‍ വകുപ്പ് ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഇരുചക്രവാഹനങ്ങള്‍ പതിവായി രാത്രിയില്‍ ഉഗ്രശബ്ദത്തില്‍ ഓടിച്ചുപോകുന്നുണ്ട്. ഇത്രയും ദിവസങ്ങളായിട്ടും ഇത് കണ്ടെത്താനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നും ആക്ഷേപമുണ്ട്.

Scroll to Top