പെരിയ : മൂന്നാംകടവിലെ അപകട പരമ്പര കാരണം സൈ്വരജീവിതം
നഷ്ടപ്പെട്ട നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മൂന്നാംകടവിലെ കൊടുംവളവില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ ചരക്കുലോറി മറിഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രകോപിതരായത്. നിത്യവും അപകടം നടക്കുന്ന മൂന്നാംകടവ് പാലത്തിന് സമീപത്തെ നാട്ടുകാരാണ് രാവിലെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം അപകടകേന്ദ്രമായി മാറിയ മൂന്നാംകടവില്‍ ഏഴ് അപകടമരണങ്ങള്‍ നടന്നു.
ആഴ്ചയില്‍ രണ്ടും മൂന്നും അപകടങ്ങള്‍ ഇവിടെ പതിവാണ്. ചോരയില്‍ കുളിച്ചുകിടക്കുന്ന വാഹനയാത്രികരെ പുറത്തെടുത്ത് മനസ്സ് മരവിച്ച അവസ്ഥയാണെന്ന് പ്രദേശവാസിയായ സുനില്‍ കുമാര്‍ കൂവാര പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെ ബന്തടുക്ക ഭാഗത്തേക്ക് പോകുകയായിരുന്ന സിമന്റ് ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ ഉള്‍പ്പെടെ തമിഴ്നാട് സേലംസ്വദേശികളായ രണ്ടുപേരാണ് ലോറിയിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളുടെ കാല്‍ അറ്റുപോയനിലയിലാണ്. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തുടര്‍ന്ന് കര്‍മസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു.
കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. റോഡ് ഉപരോധിച്ചതിന് പിന്നാലെ വാഹനഗതാഗതം തടസ്സപ്പെട്ടു. ബേക്കല്‍ ഡിവൈ.എസ്.പി. എം.പി. ആസാദ് സ്ഥലത്തെത്തി പ്രതിഷേധക്കാരോട് ഉപരോധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. വിവരമറിഞ്ഞ് പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. ബാബുരാജ്, അംഗങ്ങളായ എ. കാര്‍ത്യായനി, കെ. ഗംഗാധരന്‍ എന്നിവരും സ്ഥലത്തെത്തി.
ഉച്ചയ്ക്ക് 12-വരെ റോഡ് ഉപരോധം തുടര്‍ന്നു. പ്രശ്നപരിഹാരത്തിനായി ബേക്കല്‍ ഡിവൈ.എസ്.പി. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. കെ.ആര്‍. മനോജുമായി ബന്ധപ്പെട്ടു. പ്രശ്നം ചര്‍ച്ചചെയ്യാന്‍ കര്‍മസമിതി ഭാരവാഹികളുടെയും പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗം ചൊവ്വാഴ്ച രാവിലെ 10-ന് ആര്‍.ഡി.ഒ. ഓഫീസില്‍ വിളിച്ചിട്ടുണ്ട്. ബേക്കല്‍ ഇന്‍സ്‌പെക്ടറുടെ ചുമതലവഹിക്കുന്ന ശിവം, പ്രിന്‍സിപ്പല്‍ എസ്.ഐ. അഖില്‍ സെബാസ്റ്റ്യന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
അപകടവളവുകള്‍ ഒഴിവാക്കണം -കര്‍മസമിതി
വര്‍ഷങ്ങളായി നടക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ശാശ്വത പരിഹാരം ഒരുക്കണമെന്ന് കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ ഫസല്‍ മൂന്നാംകടവ് ആവശ്യപ്പെട്ടു. അര്‍ഹമായ നഷ്ടപരിഹാരം നല്‍കി കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് വളവുകള്‍ നികത്തി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.




