കാസര്‍കോട്: സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യന്‍ഷിപ് നവംബര്‍ 2, 3 തീയതികളില്‍ ബോവിക്കാനം ഇരിയണ്ണി റോഡില്‍ നടക്കും. 14 ജില്ലകളില്‍ നിന്നു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുമായി മൂന്നൂറോളം താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്നു സംഘാടക സമിതി-അസോസിയേഷന്‍ ഭാരവാഹികളായ ബി.കെ.നാരായണന്‍, എം.അച്യുതന്‍, കെ.വി. വിജയകുമാര്‍, വിനോദ്കുമാര്‍, സജീവന്‍ മടപ്പറമ്പത്ത്, കെ. ജനാര്‍ദ്ദനന്‍,മൂസ പാലക്കുന്ന്, രജിത്ത് കാടകം എന്നിവര്‍ അറിയിച്ചു. ബോവിക്കാനം ടൗണില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ ബാവിക്കരയടുക്കം മുതല്‍ ഇരിയണ്ണി വരെ 4 കി.മീ. റോഡിലാണ് മത്സരം നടത്തുന്നത്. ഒരു ലാപ് എന്നുള്ളത് 8 കി.മീ വീതമാണ്.
അനന്തു നാരായണന്‍, അനക്സിയ മറിയ തോമസ് തുടങ്ങിയ ദേശീയ താരങ്ങളും, നാഷനല്‍ ഗെയിംസ് ഉള്‍പ്പെടെ ഒട്ടേറെ ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയവരും മത്സരത്തില്‍ പങ്കെടുക്കാനായി എത്തും. ഡിസംബറില്‍ ഒഡിഷയില്‍ നടക്കുന്ന ദേശീയ റോഡ് സൈക്ലിങ് ചാംപ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരത്തില്‍ നിന്നു തിരഞ്ഞെടുക്കും. ബോവിക്കാനം ഇരിയണ്ണി റോഡില്‍ പരിശീലനം നടത്തുന്നതിനായി ഒട്ടേറെ സൈക്ലിസ്റ്റുകള്‍ ഇതിനകം തന്നെ എത്തിയിട്ടുണ്ടെന്നു ഇവര്‍ അറിയിച്ചു.