കാസര്‍കോട്: എസ്‌ഐആര്‍ നടപടികളുടെ സമയക്രമം നേരത്തെ നിശ്ചയിച്ചതാണെങ്കിലും നിലവിലെ നടപടികള്‍ കണക്കാക്കുമ്പോള്‍ സമയക്രമം പാലിക്കാനാകുമോ എന്ന ആശങ്കയിലാണ് ബി എല്‍ ഒമാര്‍. ഡിസംബര്‍ 4 നകം ഫോം വിതരണം ചെയ്ത് പൂരിപ്പിച്ച ശേഷം തിരിച്ചു വാങ്ങണം. ഈ നടപടികള്‍ക്ക് ഒരു മാസമാണ് അനുവദിച്ചിട്ടുള്ളത്.
ഫോമുകള്‍ കഴിഞ്ഞ ഒരാഴ്ചയായി ബി എല്‍ ഒമാര്‍ വിതരണം ചെയ്യുന്നുണ്ട്. ഒരു ദിവസമാകട്ടെ 50 വീടുകളിലെങ്കിലും ബി എല്‍ ഒ മാര്‍ക്ക് എത്താനും സാധിക്കുന്നില്ല. വീട് മാറിപ്പോയവരെ കണ്ടെത്താനുള്ള ജോലികള്‍ വേറെയും അത് കൊണ്ട് തന്നെ 2002ലെ വോട്ടര്‍ ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് മുഴുവനായും എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യാന്‍ ബി എല്‍ ഒ മാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വോട്ടര്‍മാരാകട്ടെ ഫോമിന് വേണ്ടിയുള്ള നെട്ടോട്ടത്തിലും.ഫോം കിട്ടാത്ത വെപ്രാളത്തില്‍ വോട്ടര്‍മാര്‍ പലരും ബി എല്‍ ഒമാരെ വിളിക്കുന്നുമുണ്ട്. പലരും ബി എല്‍ ഒമാരെ നേരിട്ട് പോയി കണ്ട് ഫോം വാങ്ങുന്നുമുണ്ട്.
ഫോം പൂരിപ്പിക്കുന്നതിലാണ് വോട്ടര്‍മാരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. 23 വര്‍ഷം മുമ്പ് തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നും, ഇവ എങ്ങനെ കണ്ടെത്തി രേഖപ്പെടുത്തുമെന്നറിയാതെയാണ് മിക്ക കുടുംബങ്ങളും പ്രയാസപ്പെടുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് സന്നദ്ധ സംഘടനകള്‍ ഒരുക്കിയ ഹെല്‍പ്പ് ഡസ്പ്പുകള്‍ ഉപകാരമാകുന്നുമുണ്ട്. എന്നാല്‍ പലര്‍ക്കും അവിടെയും എത്താന്‍ സാധിക്കുന്നുമില്ല. പ്രത്യേകിച്ച് രോഗികളായവരും, വീട്ടമ്മമാരും.
2002ലെ വോട്ടര്‍പട്ടികയുടെ കോപ്പി ലഭ്യമല്ലാത്തതും, പഴയ വോട്ടര്‍ പട്ടികയിലെ ക്രമനമ്പരും,ഭാഗം നമ്പരും കണ്ടെത്താനാണ് ഏറെ പ്രയാസം നേരിടുന്നത്.2025 പട്ടികയിലെ വിലാസം അനുസരിച്ചാണ് ഫോം വിതരണം ചെയ്യുന്നതെങ്കിലും 2022ലെ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്. ഇത് പലരും തെറ്റായി രേഖപ്പെടുത്തേണ്ടി വരുന്നുണ്ട്. 2002 വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ആദ്യപട്ടികയില്‍ ഉള്‍പ്പെട്ട മാതാപിതാക്കളുടെയോ, ബന്ധുക്കളുടെയോ വിവരങ്ങള്‍ നല്‍കണം. ഇത്തരം വിവരം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് നോട്ടീസ് നല്‍കി രേഖകളുമായി ഹാജരാക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഇത്തരക്കാര്‍ വരാനിരിക്കുന്ന വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പാക്കാന്‍ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലുമാണ്.ഫോമുകളില്‍ പലര്‍ക്കും ബന്ധുവിന്റെ പേരിനൊപ്പം മണ്ഡലം,ഭാഗം, ക്രമനമ്പര്‍ എന്നിവ കൃത്യമായി നല്‍കാന്‍ സാധിക്കാത്തതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. വോട്ടര്‍ പട്ടികയില്‍ ബന്ധുക്കളുടെ പേരില്ലെങ്കില്‍ 1987ന് മുന്‍പ് ജനിച്ചവരാണെങ്കില്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടിവരും. 1987ന് ശേഷമാണെങ്കില്‍ അവരുടെ മാതാപിതാക്കളുടെ രേഖകള്‍ സമര്‍പ്പിക്കേണ്ടതായും വരും. അതുകൊണ്ടുതന്നെ എസ് ഐ ആറില്‍ വോട്ടര്‍മാരുടെ സംശയങ്ങളും, ആശങ്കകളും ഒഴിയുന്നില്ല.
പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിലും, അതിനായുള്ള ഫോം ലഭ്യമല്ലാത്തതും വോട്ടര്‍മാരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഡിസംബര്‍ 9ന് മുമ്പ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ പറയുമ്പോള്‍ തന്നെ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് സാധ്യമാകുമോ എന്ന ആശങ്ക ബി എല്‍ ഒ മാര്‍ക്കും വോട്ടര്‍മാര്‍ക്കുമുണ്ട്. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ക്കെല്ലാം ഡിസംബര്‍ 9നും ജനുവരി 31നും ഇടയില്‍ നടക്കുന്ന ഹിയറിങ്ങില്‍ പങ്കെടുക്കേണ്ടിയും വരും.ഇതൊക്കെ ബി എല്‍ ഒമാരുടെ ജോലി കൂട്ടുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
അതിനിടെ പശ്ചിമ ബംഗാള്‍,തമിഴ്‌നാട് സര്‍ക്കാറുകള്‍ എസ്‌ഐആര്‍ നടപ്പിലാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട് മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.




