ട്രംപുമായി ഫോണില്‍ സംസാരിച്ച് മോദി; ഹോര്‍മൂസ് കടലിടുക്ക് തുറക്കണമെന്ന US പ്രസിഡന്റിന്റെ നിലപാടിന് പിന്തുണ

ട്രംപുമായി ഫോണില്‍ സംസാരിച്ച് മോദി; ഹോര്‍മൂസ് കടലിടുക്ക് തുറക്കണമെന്ന US പ്രസിഡന്റിന്റെ നിലപാടിന് പിന്തുണ

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ച ചെയ്തതായി മോദി എക്സില്‍ കുറിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കോള്‍ ലഭിച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉപകാരപ്രദമായ വീക്ഷണങ്ങള്‍ പങ്കുവെച്ചു. സമാധാനം പുനഃസ്ഥാപിക്കാനും സംഘര്‍ഷ സാഹചര്യം ലഘൂകരിക്കുന്നതിനെയും ഇന്ത്യ പിന്തുണക്കും. ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കേണ്ടതും സുരക്ഷിതമായി ഏവര്‍ക്കും പ്രാപ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതും ലോകത്തിന് അത്യന്താപേക്ഷിതമാണ്. സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളില്‍ നിരന്തരം ഇടപെടുമെന്നും മോദി എക്സില്‍ കുറിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനായി സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് മോദിയുമായി സംസാരിച്ചുവെന്ന വിവരം പുറത്തുവരുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ട്രംപും മോദിയും ഫോണ്‍ മുഖാന്തരം സംസാരിച്ചുവെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധി സെര്‍ജിയോ ഗോര്‍ അറിയിച്ചിരുന്നു. എക്സിലായിരുന്നു ഗോറിന്റെ പ്രതികരണം. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപുമായി സംസാരിച്ചെന്ന് മോദി സ്ഥിരീകരിക്കുന്നത്.

Scroll to Top