മൊഗ്രാല്‍ പുത്തൂര്‍: വര്‍ഷങ്ങളായി തകര്‍ന്നുതരിപ്പണമായി കിടക്കുന്ന കടവത്ത്-കോട്ടക്കുന്ന് റോഡിനോടുള്ള അധികൃതരുടെ കടുത്ത അവഗണനയ്‌ക്കെതിരെ കോട്ടക്കുന്ന് നിവാസികള്‍ പ്രക്ഷോഭത്തിലേക്ക്. ദുരിതയാത്രയ്ക്ക് അറുതി വരുത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പന്തം കൊളുത്തി പ്രകടനം നാടിന്റെ ജനരോഷമായി മാറി.
ചൊവ്വാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധ പരിപാടിയില്‍ നൂറുകണക്കിന് നാട്ടുകാര്‍ അണിനിരന്നു. തകര്‍ന്ന റോഡിലൂടെ പന്തം കൊളുത്തി നടത്തിയ പ്രകടനം അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെയുള്ള ശക്തമായ താക്കീതായി. റോഡ് പുനര്‍നിര്‍മ്മിക്കുന്നത് വരെ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി പ്രഖ്യാപിച്ചു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് കെ.എം., ജനറല്‍ കണ്‍വീനര്‍ അന്‍സാരി കോട്ടക്കുന്ന് സമരസമിതി ഭാരവാഹികളായ സിറാജ് കെ.കെ., പ്രസാദ് മഠം, റൗഫ് മഠം, റഫീഖ് ഹാജി എം.ഐ., അബ്ദുറസാഖ് സഖാഫി നസീര്‍ കാസ്‌കോ, സുലൈമാന്‍ സുന്നംകുളം, അശോകന്‍ മഠം, മസൂദ്, അഫ്‌സല്‍ ആപ്പു, റിയാസ് കമ്മിറ്റി, ഹാരിസ് കെ.എ, സഈദ് സഅദി, യാസര്‍, ശ്രീധരന്‍ മഠം, അശോകന്‍ മഠം സാദിക്ക് മാഹിന്‍ എം എ, കബീര്‍ മഠം, അമീന്‍, മാഹിന്‍, നബു ഹുബ്ലി, മുഹമ്മദ് തങ്ങള്‍, ശിഹാബ് മൊഗര്‍, സാഹിര്‍ മൊഗര്‍, സിനാന്‍ ബള്ളൂര്‍,മുസ്തു മഠം തുടങ്ങിയവര്‍ പ്രക്ഷോഭത്തിന് മുന്നണിപ്പോരാളികളായി അണിനിരന്നു.
ദുരിതം പേറി നാട്ടുകാര്‍
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ പ്രധാന പാതയായ കടവത്ത്-കോട്ടക്കുന്ന് റോഡ് നിലവില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് കാല്‍നടയാത്ര പോലും അസാധ്യമായ നിലയിലാണ്. രോഗികളെ ആശുപത്രിയില്‍ എത്തിക്കാനോ സ്‌കൂള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരവുമായി തെരുവിലിറങ്ങാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.
, റോഡ് പണി തുടങ്ങുന്നത് വരെ പ്രതിഷേധ പന്തലില്‍ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.




