തളങ്കര : തെരുവത്ത് സിറാമിക്സ് റോഡില്‍ ബാങ്കോട് ജങ്ഷനില്‍ റോഡരികില്‍ മാലിന്യം കുമിയുകയാണ്. അവിടെ സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിനെ നോക്കുകുത്തിയാക്കിയാണ് അതിന് മുന്‍പില്‍ മാലിന്യം നിക്ഷേപിക്കുന്നത്.
തൊട്ടടുത്ത് കിടക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്തുന്നവര്‍ക്കും വഴി യാത്രക്കാര്‍ക്കും ഒരു പോലെ ഇതിന്റെ ദുര്‍ഗന്ധം അസഹനീയമായി മാറിയിരിക്കുകയാണ്.
തൊട്ടടുത്തുള്ള ചീറുമ്പ ഭഗവതിക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങള്‍ക്കും വലിയ പ്രയാസം നേരിടുന്നുണ്ട്. ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാനുള്ള സൗകര്യത്തിനാണ് എം സി എഫ് സ്ഥാപിച്ചിട്ടുള്ളത്.
അതിന് മുമ്പിലാണ് മാലിന്യം വലിച്ചെറിയുന്നത്. പരിസരവാസികളില്‍ പലരും അവരുടെ വീടുകളില്‍നിന്നുള്ള മാലിന്യം ഇവിടെ നിക്ഷേപിക്കുന്നു.
കൂടാതെ, സമീപപ്രദേശത്തു നിന്നും കൊണ്ടുവന്നു തള്ളുകയും ചെയ്യുന്നുണ്ട്. അടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
രാത്രികാലങ്ങളില്‍ ഇവിടെ വലിച്ചെറിയുന്ന മാലിന്യം തെരുവുനായ്ക്കള്‍ കൊതിവലിച്ചു കൊണ്ടുപോയി റോഡിലേക്ക് തള്ളുന്നുണ്ട്.




