കാസര്‍കോട് ബന്ധുക്കള്‍ തടഞ്ഞതിനാലാണ് ഇത്തവണ നിയമസഭാ
തിരഞ്ഞെടുപ്പില്‍ മത്സരത്തിനു പത്രിക സമര്‍പ്പിക്കാതിരുന്നതെന്നും ആര്‍ക്ക് വോട്ടു ചെയ്യുമെന്നു വോട്ടെടുപ്പിന് 2 ദിവസം മുന്‍പു തീരുമാനിക്കുമെന്നും മുന്‍തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദര. ചെങ്കളയില്‍ സിപിഎം നിയന്ത്രണത്തിലുള്ള ഇ.കെ.നായനാര്‍ സഹകരണ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുന്ദരയിപ്പോള്‍.
കെ.സുന്ദര സ്ഥാനാര്‍ഥിയായ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെതിരെ 89 വോട്ട് ഭൂരിപക്ഷത്തിലാണ് പി.ബി അബ്ദുറസാഖ് ജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ കെ. സുന്ദര 467 വോട്ട് നേടിയിരുന്നു. കെ സുരേന്ദ്രന്‍ അപരനായി കെ.സുന്ദര വോട്ടു പിടിച്ചതിനാലാണു പി.ബി.അബ്ദുറസാഖ് ജയിച്ചതെന്ന് വാദമുയര്‍ന്നിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനും ബിജെപി നേതാക്കളും ചേര്‍ന്നു ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി ബിഎസ്പി അംഗം കെ.സുന്ദരയെക്കൊണ്ടു സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചു എന്നാരോപിച്ചു എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി.രമേശന്‍ പരാതി നല്‍കിയിരുന്നു.
കേസില്‍ ഇവരെ ജില്ലാ സെഷന്‍സ് കോടതി വിട്ടയച്ചു. അപ്പില്‍ ഹര്‍ജിയില്‍
ഇതു ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കെ.സുരേന്ദ്രനെതിരെ മുസ്ലിംലീഗ് അംഗം എ.കെ.എം.അഷ്‌റഫ് ജയിച്ചത്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഇത്തവണയും കെ.സുന്ദര മത്സരിക്കുന്നില്ല. സുന്ദര സംസാരിക്കുന്നു…
ഇത്തവണ എന്തുകൊണ്ട് സ്ഥാനാര്‍ഥിയായില്ല ? മത്സരിക്കരുതെന്ന് ബന്ധുക്കള്‍ പറഞ്ഞതുകൊണ്ട്.
അവര്‍ക്ക് രാഷ്ട്രിയം ഉണ്ടോ?
ഇല്ല, കൂലിപ്പണി ചെയ്തു ജീവിക്കുന്നവരാണ്.
ഇത്തവണ പ്രചാരണത്തിനു പോകുന്നുണ്ടോ ?
ഇല്ല. ഞാന്‍ സ്ഥാനാര്‍ഥിയായപ്പോഴും പ്രചാരണം നടത്തിയിരുന്നില്ല.
ഈ തിരഞ്ഞെടുപ്പില്‍ എന്താണ് നിലപാട് ?
പ്രത്യേക നിലപാടില്ല.
ഏതു മുന്നണിക്കൊപ്പമാണ് ?തീരുമാനിച്ചിട്ടില്ല. വോട്ടെടുപ്പിനു രണ്ടുദിവസം മുന്‍പു തീരുമാനിക്കും.
ഇപ്പോഴും ബഹുജന്‍ സമാജ് പാര്‍ട്ടി അംഗമാണോ ?
ഭാരവാഹിയല്ല, അംഗമാണ്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിഎസ്പി ആവശ്യപ്പെട്ടിരുന്നില്ലേ ?
സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനായതിനാല്‍ സിപിഎമ്മിനു പിന്തുണ നല്‍കേണ്ടതല്ലേ?
ആണ്. എങ്കിലും വോട്ടെടുപ്പിനു 2 ദിവസം മുന്‍പ് തീരുമാനിക്കും.
കൈക്കൂലി ആരോപണക്കേസ് എന്തായി?
എനിക്ക് ഇതുമായി ബന്ധപ്പെട്ടു പോകാന്‍ താല്‍പര്യമില്ല. അതിനായി വെറുതേ സമയം കളയാനില്ല. ഞാന്‍ പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി.രമേശനാണു പരാതി നല്‍കിയത്.




