പൂജ്യത്തില്‍ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക്, മാര്‍ക് സക്കര്‍ബര്‍ഗ് എന്ന വിസ്മയം
ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്‌സാപ്പും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇവയുടെയെല്ലാം ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പാദ്യം എത്രയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കേവലം ഒരു കോടീശ്വരന്‍ എന്നതിലുപരി ലോകത്തെ ഏറ്റവും സമ്പന്നരായ അഞ്ചുപേരുടെ പട്ടികയിലാണ് ഇന്ന് ഈ മുപ്പത്തിയൊമ്പതുകാരന്‍.
നിലവിലെ കണക്കുകള്‍ പ്രകാരം ഏകദേശം 170 മുതല്‍ 203 ബില്യണ്‍ ഡോളര്‍ വരെയാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഏകദേശം 15 ലക്ഷം കോടി രൂപയോളം വരും. ഇത് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം. നിങ്ങള്‍ ഒരു ദിവസം ഒരു കോടി രൂപ വീതം ചിലവാക്കിയാല്‍ പോലും സക്കര്‍ബര്‍ഗിന്റെ ഇന്നത്തെ സമ്പാദ്യം തീര്‍ക്കാന്‍ ഏകദേശം 4,000 വര്‍ഷങ്ങള്‍ വേണ്ടിവരും.
സക്കര്‍ബര്‍ഗിന്റെ ആസ്തിയുടെ സിംഹഭാഗവും അദ്ദേഹം സ്ഥാപിച്ച ‘മെറ്റാ’ കമ്പനിയുടെ ഓഹരികളാണ്. കമ്പനിയുടെ ലാഭം കൂടുമ്പോഴും ഓഹരി വില ഉയരുമ്പോഴും സക്കര്‍ബര്‍ഗിന്റെ സമ്പത്തും റോക്കറ്റ് പോലെ കുതിക്കും.
ഔദ്യോഗികമായി സക്കര്‍ബര്‍ഗ് കമ്പനിയില്‍ നിന്ന് വാങ്ങുന്ന ശമ്പളം വെറും ഒരു ഡോളര്‍ മാത്രമാണ്. കൈവശമുള്ള ഓഹരികളുടെ മൂല്യം വര്‍ദ്ധിക്കുന്നതിലൂടെയാണ് അദ്ദേഹം ലോക സമ്പന്നനാകുന്നത്.
സക്കര്‍ബര്‍ഗ് സാധാരണയായി ചാരനിറത്തിലുള്ള ടി-ഷര്‍ട്ടും ജീന്‍സും ധരിച്ചാണ് പൊതുവേദികളില്‍ കാണപ്പെടാറുള്ളതെങ്കിലും, അദ്ദേഹത്തിന്റെ ആസ്തികള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബരങ്ങളില്‍ ഒന്നാണ്. ഏകദേശം 320 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ഭൂസ്വത്തുക്കള്‍ സക്കര്‍ബര്‍ഗിനുണ്ട്. ഹവായിലെ കവായ് ദ്വീപില്‍ 1,500 ഏക്കറിലധികം വിസ്തൃതിയുള്ള കൂറ്റന്‍ എസ്റ്റേറ്റ് അദ്ദേഹത്തിനുണ്ട്. ഇതിനുള്ളില്‍ ഭൂഗര്‍ഭ ബങ്കറുകളും കൃഷിയിടങ്ങളും ഉള്‍പ്പെടുന്നു.കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോയില്‍ 7 ദശലക്ഷം ഡോളറിന് വാങ്ങിയ വീടിന് ചുറ്റുമുള്ള നാല് വീടുകള്‍ കൂടി സ്വകാര്യതയ്ക്കായി അദ്ദേഹം പിന്നീട് വാങ്ങിയിരുന്നു.
സാധാരണയായി ഹോണ്ട ഫിറ്റ് , ഫോക്സ്വാഗണ്‍ ഗോള്‍ഫ് തുടങ്ങിയ ലളിതമായ കാറുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും, ഏകദേശം 1.4 ദശലക്ഷം ഡോളര്‍ വിലയുള്ള പഗാനി ഹുവായ്‌റ എന്ന അത്യാധുനിക സ്‌പോര്‍ട്‌സ് കാറും അദ്ദേഹത്തിന്റെ പക്കലുണ്ട്.സക്കര്‍ബര്‍ഗിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി മെറ്റാ പ്രതിവര്‍ഷം 25 ദശലക്ഷം ഡോളറിലധികം ചെലവാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ യാത്രകള്‍ക്കായി സ്വകാര്യ ജെറ്റുകളും ലഭ്യമാണ്.
സമ്പത്തിന്റെ വലിയൊരു ഭാഗം ലോകനന്മയ്ക്കായി നീക്കിവെച്ചിട്ടുള്ള വ്യക്തിയാണ് സക്കര്‍ബര്‍ഗ്. തങ്ങളുടെ പക്കലുള്ള 99% ഫേസ്ബുക്ക് ഓഹരികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ എല്ലാ രോഗങ്ങളെയും ചികിത്സിക്കാനോ പ്രതിരോധിക്കാനോ സാധിക്കുന്ന തരത്തിലുള്ള ഗവേഷണങ്ങള്‍ക്കായി അവര്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുന്നു.
കുട്ടികള്‍ക്ക് വ്യക്തിഗതമായ പഠനരീതികള്‍ ലഭ്യമാക്കുന്നതിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. നിലവില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ശാസ്ത്രീയ ഗവേഷണങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്റെ ആസ്തിയുടെ പകുതിയിലധികം ജീവകാരുണ്യത്തിനായി നല്‍കുമെന്ന് ഉറപ്പുനല്‍കുന്ന ‘ഗിവിംഗ് പ്ലെഡ്ജില്‍’ സക്കര്‍ബര്‍ഗ് ഒപ്പുവെച്ചിട്ടുണ്ട്.
2004-ല്‍ ഫേസ് ബുക്ക് ലോഞ്ച് ചെയ്തത് സോഷ്യല്‍ മീഡിയയുടെ ചരിത്രം മാറ്റിമറിച്ചു. 23-ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിര്‍മ്മിത ശതകോടീശ്വരനായി അദ്ദേഹം മാറി.തുടക്കത്തില്‍ തന്നെ സഹപാഠികളായ വിങ്ക്‌ലെവോസ് സഹോദരങ്ങളില്‍ നിന്ന് ഐഡിയ മോഷ്ടിച്ചു എന്നാരോപിച്ച് നിയമയുദ്ധങ്ങള്‍ നേരിടേണ്ടി വന്നു. ഇത് പിന്നീട് കോടിക്കണക്കിന് ഡോളര്‍ നല്‍കി ഒത്തുതീര്‍പ്പാക്കി.
സക്കര്‍ബര്‍ഗിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ അദ്ദേഹം നടത്തിയ കൃത്യമായ ബിസിനസ് തീരുമാനങ്ങളായിരുന്നു. 100 കോടി ഡോളറിന് ഇന്‍സ്റ്റാഗ്രാം വാങ്ങിയത് വലിയ പരിഹാസങ്ങള്‍ക്ക് കാരണമായെങ്കിലും, ഇന്ന് അത് മെറ്റയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ്. 1,900 കോടി ഡോളറിന് വാട്‌സാപ്പ് സ്വന്തമാക്കിയതിലൂടെ ആഗോള ആശയവിനിമയ രംഗം അദ്ദേഹം കൈപ്പിടിയിലൊതുക്കി. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം സക്കര്‍ബര്‍ഗിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായി കണക്കാക്കുന്നു.
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് അദ്ദേഹത്തിന് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഹാജരാകേണ്ടി വന്നു.2021-ല്‍ കമ്പനിയുടെ പേര് ‘മെറ്റ’ എന്നാക്കി മാറ്റുകയും മെറ്റാവേഴ്‌സിനായി കോടിക്കണക്കിന് ഡോളര്‍ ചിലവാക്കുകയും ചെയ്തു. എന്നാല്‍ ഇത് പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്ന് മാത്രമല്ല, ഏകദേശം 8000 കോടി ഡോളറിലധികം നഷ്ടമുണ്ടാക്കുകയും ചെയ്തു.
മെറ്റാവേഴ്‌സില്‍ നിന്ന് ശ്രദ്ധ മാറ്റി എ ഐ രംഗത്തേക്ക് തിരിഞ്ഞത് സക്കര്‍ബര്‍ഗിന്റെ വലിയ തിരിച്ചുവരവിന് കാരണമായി. 2026-ന്റെ തുടക്കത്തില്‍ ജെഫ് ബെസോസിനെപ്പോലുള്ളവരെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ പണക്കാരിലൊരാളായി അദ്ദേഹം വീണ്ടും മാറി. 2026-നെ AI-യുടെ വര്‍ഷമായിട്ടാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.’ഏറ്റവും വലിയ റിസ്‌ക് എന്നത് ഒരു റിസ്‌കും എടുക്കാതിരിക്കുക എന്നതാണ്’ ഇത് സക്കര്‍ബര്‍ഗിന്റെ ഒരു പ്രധാന തത്വമാണ്.




