പ്രവാസികള്‍ക്ക് ആശ്വാസം; ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ഇന്ത്യന്‍ രൂപ

പ്രവാസികള്‍ക്ക് ആശ്വാസം; ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ഇന്ത്യന്‍ രൂപ

ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ വര്‍ദ്ധന. യുഎഇ ദിര്‍ഹത്തിന് 25.82 രൂപയാണ് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ച ഓഹരി വ്യാപാരം പുനരാരംഭിക്കുന്നതുവരെ ഇതേ നിരക്ക് തുടരും. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിടുന്നത്. ഒരു ഡോളറിന് 94 രൂപ 86 പൈസ എന്നതാണ് ഇന്നത്തെ നിരക്ക്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം, ക്രൂഡ് ഓയില്‍ വില വര്‍ധന, ഷിപ്പിങ് ചാര്‍ജിന്റെയും ഷിപ്പ് ഇന്‍ഷുറന്‍സിന്റെയും വര്‍ദ്ധന, ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകരുടെ കൂട്ട പിന്മാറ്റം തുടങ്ങി നിരവധി കാരണങ്ങള്‍ മൂല്യം തകരാന്‍ കാരണമായി. ഇന്ത്യയില്‍ രൂപയുടെ മൂല്യത്തകര്‍ച്ച പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കാനും കറന്റ് അക്കൗണ്ട് കുറവ് ഉയര്‍ത്താനും ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെ പലിശനിരക്കുകള്‍ ഉയരാനുള്ള സാധ്യതയും വര്‍ദ്ധിക്കും.

ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് ഊര്‍ജവില വര്‍ദ്ധന കനത്ത തിരിച്ചടിയാകുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബാരലിന് ഏകദേശം 73 ഡോളര്‍ ആയിരുന്ന എണ്ണവില മാര്‍ച്ചില്‍ 107.8 ഡോളറായി ഉയര്‍ന്നു. എണ്ണ, പ്രതിരോധ ഉപകരണങ്ങള്‍, സ്വര്‍ണം, ഇലക്ട്രോണിക് സാധനങ്ങള്‍ തുടങ്ങിയവയുടെ വലിയ ഇറക്കുമതി ചെലവ് രൂപയുടെ മൂല്യത്തെ ദോഷകരമായി ബാധിക്കുന്നു.

രൂപയുടെ ഇടിവ് പ്രവാസികള്‍ക്ക് ചില നേട്ടങ്ങള്‍ നല്‍കുമ്പോഴും മൊത്തത്തിലുള്ള ആഘാതം എല്ലാവരെയും ബാധിക്കും. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ചികിത്സക്കോ യാത്രക്കോ പോകുന്നവര്‍ക്കും ചെലവ് കുത്തനെ ഉയരും. വിദേശ കറന്‍സിയില്‍ വായ്പയെടുത്തവര്‍ക്കും തിരിച്ചടവ് ഭാരം വര്‍ദ്ധിക്കും.

Scroll to Top