രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച; ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്, പ്രാവര്‍ത്തികമായാല്‍ സന്തോഷം: കെ സുധാകരന്‍
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രാഹുല്‍ ഗാന്ധിയെ കണ്ടതില്‍ അതീവ സന്തോഷമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ തനിക്ക് ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്. ചില സഹായങ്ങള്‍ ചെയ്യാം എന്ന് പാര്‍ട്ടി അറിയിച്ചു. ആ ഉറപ്പുകള്‍ എപ്പോള്‍ പ്രാവര്‍ത്തികമാകും എന്നറിയില്ല. പ്രാവര്‍ത്തികമായാലും ഇല്ലെങ്കിലും സന്തോഷമുണ്ട്. താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും കെ സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ഭാവി ചര്‍ച്ച ചെയ്തുവെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ തന്റെ സ്ഥാനം തീരുമാനിക്കേണ്ടത് നേതൃത്വമാണ്. നേതാക്കള്‍ക്ക് മുന്നില്‍ താന്‍ ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ സീനിയര്‍ നേതാവിനെ പരിഗണിക്കണം എന്നാണ് തന്റെ നിലപാടെന്ന് സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് കണ്ണൂരില്‍ മത്സരിക്കാത്തതെന്നും സുധാകരന്‍ വ്യക്തമാക്കി
ഇന്ന് വൈകിട്ടോടെയായിരുന്നു രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കെ സുധാകരന്റെ കൂടിക്കാഴ്ച. കുടുംബസമേതമായിരുന്നു സുധാകരന്‍ ഡല്‍ഹിയില്‍ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഖര്‍ഗെയായിരുന്നു സുധാകരനെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് കെ സുധാകരന്‍ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. യഥാര്‍ത്ഥ പോരാളിയാണ് സുധാകരന്‍. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കേരളത്തില്‍ നൂറ് സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
സ്ഥാനാര്‍ത്ഥിത്വ നിര്‍ണയവുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ പാര്‍ട്ടിയോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തില്‍ കുറേ ദിവസം ഡല്‍ഹിയില്‍ തന്നെ തുടര്‍ന്ന കെ സുധാകരന്‍ ഒടുവില്‍ ഹൈക്കമാന്‍ഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു. കെ സുധാകരന് മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഹൈക്കമാന്‍ഡ്.
പിന്നീട് സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ സജീവമാകുകയായിരുന്നു. രാഹുല്‍ ഗാന്ധി, എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളാണ് സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന് മുന്‍കൈയെടുത്തത്.




