കാസര്‍കോട്: കത്തുന്ന വേനല്‍ച്ചൂടില്‍ ദാഹജലത്തിനായി അലയുന്ന പക്ഷികള്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ ”പറവകള്‍ക്കൊരു തണ്ണീര്‍കുടം” എന്ന പദ്ധതിക്ക് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി വീടുകളുടെയും പള്ളി, മദ്‌റസ, ഓഫീസ് പരിസരങ്ങളിലുമുള്ള മരങ്ങളില്‍ തണ്ണീര്‍കുടങ്ങള്‍ സ്ഥാപിച്ച് പക്ഷികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം താജുദ്ദീന്‍ ദാരിമി പടന്ന, സമസ്ത കാസര്‍കോട് ജില്ലാ ആസ്ഥാനമായ സൈദ് ബിന്‍ ഹാരിസ് പള്ളിയുടെ മരത്തില്‍ തണ്ണീര്‍കുടം സ്ഥാപിച്ചുകൊണ്ട് നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലംപാടി, ജില്ലാ ട്രഷറര്‍ സഹിദ് അസ്അദി പുഞ്ചാവി, വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് മാസ്റ്റര്‍ ബെളിഞ്ചം, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അബ്ദുറസാഖ് അസ്ഹരി മഞ്ചേശ്വരം, യൂനുസ് ഫൈസി കാക്കടവ്, ഹാഫിള് റാഷിദ് ഫൈസി, അന്‍വര്‍ തുപ്പക്കല്‍, ഫൈസല്‍ ദാരിമി, ഇല്യാസ് ഹുദവി മുഗു, ഉസാമ മാസ്റ്റര്‍ പള്ളങ്കോട്, റാസിഖ് ഹുദവി പേരാല്‍ എന്നിവര്‍ സംബന്ധിച്ചു.
വേനല്‍ക്കാലത്ത് വെള്ളത്തിനായി ബുദ്ധിമുട്ടുന്ന പക്ഷികള്‍ക്ക് ജീവന്‍രക്ഷയായ പ്രവര്‍ത്തനമാണ് ഈ പദ്ധതി എന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയും അറിയിച്ചു. പരിസ്ഥിതി സംരക്ഷണവും ജീവജാലങ്ങളോടുള്ള കരുതലും വളര്‍ത്തുന്ന ഈ പ്രവര്‍ത്തനത്തില്‍ സമൂഹത്തിലെ എല്ലാവരും പങ്കാളികളാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
പറവകള്‍ക്കൊരു തണ്ണീര്‍കുടം – പദ്ധതി ഉദ്ഘാടനം ചെയ്തു




