കാസര്‍ഗോഡ്: ഡയലൈഫ് ഹോസ്പിറ്റലില്‍ അപൂര്‍വമായ കിഡ്‌നി ട്യൂമറിന് വിജയകരമായ ശസ്ത്രക്രിയ നടത്തി. Renal Angiomyolipoma എന്ന സങ്കീര്‍ണമായ ട്യൂമര്‍ ബാധിച്ചിരുന്ന 50 വയസുകാരിയായ സ്ത്രീയുടെ കിഡ്‌നിയെ സംരക്ഷിച്ചുകൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായാണ് ഇത്തരം കിഡ്‌നിയെ സംരക്ഷിക്കുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രോഗിക്ക് പ്രത്യേകമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാധാരണ ആരോഗ്യ പരിശോധനകളുടെ ഭാഗമായി നടത്തിയ റൂട്ടീന്‍ ടെസ്റ്റുകളിലൂടെയാണ് ട്യൂമര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ സ്‌കാനിംഗുകളും മറ്റ് പരിശോധനകളും അടിസ്ഥാനമാക്കി കിഡ്‌നി മുഴുവനായി നീക്കം ചെയ്യാതെ ട്യൂമര്‍ മാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ (kidney-sparing surgery) നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.
ഡയലൈഫ് ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം വിദഗ്ധരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഏറെ പ്രാവീണ്യം ആവശ്യമായ ഈ ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ പൂര്‍ണമായി നീക്കം ചെയ്യുകയും കിഡ്‌നിയുടെ പ്രവര്‍ത്തനം സംരക്ഷിക്കുകയും ചെയ്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ അവര്‍ സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതര രോഗങ്ങള്‍ പോലും പലപ്പോഴും ലക്ഷണങ്ങളില്ലാതെ ഉണ്ടാകാമെന്നും അതിനാല്‍ സ്ഥിരമായ ആരോഗ്യ പരിശോധനകള്‍ നടത്തുന്നത് അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.




