കോട്ടക്കുന്ന് സമരജ്വാല രണ്ടാം ഘട്ടത്തിലേക്ക്; സമരപ്പന്തല്‍ കെട്ടി സത്യാഗ്രഹം ആരംഭിച്ചു


മൊഗ്രാല്‍ പുത്തൂര്‍: വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് കടവത്ത്-കോട്ടക്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്. പ്രക്ഷോഭത്തിന്റെ ഭാഗമായി സമരസ്ഥലത്ത് പന്തല്‍ കെട്ടി നാട്ടുകാര്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ചൊവ്വാഴ്ച നടന്ന പന്തംകൊളുത്തി പ്രകടനത്തിന് പിന്നാലെയാണ് സമരം കൂടുതല്‍ ശക്തമായ രീതിയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.
?രാവിലെ നടന്ന ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. റോഡ് പണി തുടങ്ങുന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ സമരപ്പന്തലില്‍ നിന്ന് മടങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കോട്ടക്കുന്ന് നിവാസികള്‍.
അധികൃതരുടെ അനാസ്ഥക്കെതിരെ ജനരോഷം
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഏറ്റവും മോശം അവസ്ഥയിലുള്ള റോഡുകളിലൊന്നായി കടവത്ത്-കോട്ടക്കുന്ന് റോഡ് മാറിയിട്ടും അധികൃതര്‍ കാണിക്കുന്ന അവഗണനയാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. നികുതി കൃത്യമായി അടയ്ക്കുന്ന പൗരന്മാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂടം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി.
വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് കെ എം ജനറല്‍ കണ്‍വീനര്‍ അന്‍സാരി ഫൈനാന്‍സ് കണ്‍വീനര്‍ റൗഫ് മാഡം,സിറാജ് കെ കെ, നസീര്‍ കെ യു, ഹാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Scroll to Top