Home National അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്‌സിന് തകരാര്‍, കൂടുതല്‍ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയക്കും

അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്‌സിന് തകരാര്‍, കൂടുതല്‍ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയക്കും

by KCN CHANNEL
0 comment

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകളുള്ളതായി റിപ്പോര്‍ട്ട്. നിര്‍ണായക വിവരം അടങ്ങുന്ന ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് സാരമായ കേടുപാട് സംഭവിച്ചത്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ലബോറട്ടറിയില്‍ വിവരം വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ല. അതുകൊണ്ടാണ് അമേരിക്കയുടെ സഹായം തേടാന്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തീരുമാനിച്ചത്.

വാഷിംഗ്ടണിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ ലബോറട്ടറിയിലാകും ബ്ലാക് ബോക്‌സ് അയക്കുക. ഇക്കാര്യത്തില്‍ ഡിജിസിഎ ഉടന്‍ അന്തിമ തീരുമാനം എടുത്തേക്കും. യുഎസിലെ വ്യോമയാന മേഖലയുടെ സുരക്ഷ വിലയിരുത്തല്‍ അടക്കം നടത്തുന്ന പ്രധാന ഏജന്‍സിയാണ് NTSB. 2023ലാണ് ഡല്‍ഹിയില്‍ ഇന്ത്യ ആധുനിക ലാബ് സജ്ജീകരിച്ചത്. എന്നാല്‍ സാരമായി കേടുപാട് പറ്റിയ ഉപകരണങ്ങളിലെ വിവരം വീണ്ടെടുക്കാനുള്ള സംവിധാനം ലാബിനില്ല.

അതേസമയം,അപകടത്തില്‍ മരിച്ച രണ്ടുപേരുടെ ഡിഎന്‍എ ഫലം കൂടി പുറത്ത് വന്നു. ഇതോടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 210 ആയി. 187 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. വിമാന അപകടത്തില്‍ 274 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തില്‍ നിന്നുള്ള രഞ്ജിതയുടെത് അടക്കം മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബിലാണ് ഡിഎന്‍എ പരിശോധനകള്‍ പുരോഗമിക്കുന്നത്. സാമ്പിളുകള്‍ മൃതദേഹങ്ങളില്‍ നിന്ന് ശേഖരിക്കുന്നതില്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ 5 ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നു.

അഹമ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്കാണ് പൊലീസ് നിര്‍ദേശപ്രകാരം വിശ്വാസ് കുമാര്‍ മാറിയത് . തത്ക്കാലം സന്ദര്‍ശകരെ അനുവദിക്കില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങള്‍ ഇന്നും ദുരന്ത ഭൂമിയില്‍ പരിശോധന നടത്തി. ഇന്നലെയും രണ്ടു ശരീരഭാഗങ്ങള്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു

You may also like

Leave a Comment