Home Kerala കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ സംഭവം; മരണത്തിന് പിന്നില്‍ ആള്‍ക്കൂട്ട വിചാരണയെന്ന് പൊലീസ്

കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ സംഭവം; മരണത്തിന് പിന്നില്‍ ആള്‍ക്കൂട്ട വിചാരണയെന്ന് പൊലീസ്

by KCN CHANNEL
0 comment

കണ്ണൂര്‍: കായലോട് പറമ്പായില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യക്ക് പിന്നില്‍ ആള്‍ക്കൂട്ട വിചാരണയെന്ന് പൊലീസ്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കായലോട്- പറമ്പായിലെ റസീന മന്‍സിലില്‍ റസീനയെയാണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വിസി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെഎ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വികെ റഫ്‌നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം യുവതി കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ ആണ്‍സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തിരുന്നു. ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം മയ്യില്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും സമീപത്തുള്ള ബിഗ് നഴ്‌സറിക്കടുത്തുള്ള മൈതാനത്തെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്തിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധുക്കളെ വിളിച്ച് വരുത്തി.

രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. അപ്പോഴും യുവാവിന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ ഫോണും വിട്ടുനല്‍കാന്‍ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളില്‍ നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും സിഐ എന്‍ അജീഷ് കുമാര്‍ പറഞ്ഞു.

You may also like

Leave a Comment