കതിരൂര്‍ മനോജ് വധം: പി ജയരാജനെതിരെ കുറ്റപത്രം

കണ്ണൂര്‍: ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിന്റെ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അടക്കം ആറു പ്രതികള്‍ക്കെതിരെ കുറ്റപത്രം. സി.ബി.ഐ രണ്ടാംഘട്ട കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണിത്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ ജയരാജനെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍. കൊലയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത് ജയരാജന്‍ ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മധുസൂദനന്‍, ജിതേഷ്, സജിത്ത് തുടങ്ങിയവരും രണ്ടാം കുറ്റപത്രത്തില്‍ പ്രതികളാണ്. 2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി വടിവാളിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 2014 സെപ്തംബര്‍ 28ന് സി.ബി.ഐ കേസ് ഏറ്റെടുത്തു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, വധശ്രമം, യുഎപിഎ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. പി.ജയരാജനെ പതിനഞ്ച് വര്‍ഷം മുന്‍പ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് മനോജിനെ വധിച്ചതെന്നാണ് ആദ്യകുറ്റപത്രത്തില്‍ പറയുന്നത്. ജയരാജനെ 2015 ജൂണ്‍ രണ്ടിന് സി.ബി.ഐ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 2016 ജനുവരി 10നും ജയരാജനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു.

കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ 2016 ഫെബ്രുവരി 11ന് തലശേരി സെഷന്‍ കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്തു. കേസില്‍ മുഖ്യസൂത്രധാരന്‍ ജയരാജനാണെന്നും മറ്റു നിരവധി കൊലപാതകങ്ങളിലും ജയരാജന് പങ്കുണ്ടെന്ന പരാമര്‍ശവും ആദ്യ കുറ്റപത്രത്തില്‍ സി.ബി.ഐ പറഞ്ഞിരുന്നു.

KCN

more recommended stories