നടുറോഡില്‍ യുവാവിന് ക്രൂരമര്‍ദനം: ഒരു പ്രതി പൊലീസ് പിടിയില്‍

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ നടുറോഡിലിട്ട് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. ആറ്റിങ്ങല്‍ സിഐ എം. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസ് തിങ്കളാഴ്ച പുലര്‍ച്ചെ പാലോടുനിന്നാണു മുടപുരം വക്കത്തുവിള വീട്ടില്‍ അനന്തുവിനെ (26) പിടികൂടിയത്. അനന്തുവിന്റെ കൂട്ടാളിയായ ശ്രീക്കുട്ടനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. അനന്തു ചിറയിന്‍കീഴ് സ്റ്റേഷനിലെ രണ്ട് കേസുകളിലെ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. കേസിലെ രണ്ടു പേരെയും തിരിച്ചറിഞ്ഞതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ 13നാണു ചിറയിന്‍കീഴിലെ ഏറെ തിരക്കേറിയ വലിയകട ജംക്ഷനില്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ യുവാവിനെ തല്ലിച്ചതച്ചത്. ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കെ വൈകിട്ട് 4.50നോട് അടുത്തായായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നു പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ചിറയിന്‍കീഴ് വക്കത്തുവിള സുധീര്‍ എന്ന യുവാവിനെയാണു തല്ലിച്ചതച്ചതെന്ന് പൊലീസ് കണ്ടെത്തി. അനന്തു, ശ്രീക്കുട്ടന്‍ എന്നിവരാണു മര്‍ദിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായതോടെ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ബൈക്കിലെത്തിയ രണ്ടു പേര്‍ ജംക്ഷനില്‍ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്. അതിനിടെ മറ്റു രണ്ടു പേര്‍ ബൈക്കിലെത്തി. ഇവരിലൊരാള്‍ നേരത്തേ വട്ടംചുറ്റി നടന്ന രണ്ടു പേരുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം. തല്ലിത്താഴെയിട്ടു ചവിട്ടുകയും ചെയ്തു.

സിനിമയിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു ആക്രമണം. മര്‍ദനം തുടര്‍ന്നിട്ടും പരിസരത്തുനിന്ന ഒരാളു പോലും ഇടപെട്ടില്ല. റോഡില്‍ വീണു കിടന്ന സുധീറിനു സമീപത്തു കൂടി വാഹനങ്ങളും പാഞ്ഞുപോകുന്നുണ്ടായിരുന്നു. ഒടുവില്‍ ഏതാനും പേര്‍ ഇടപെട്ടതോടെയാണ് അക്രമികള്‍ ബൈക്കില്‍ കയറി പോയത്.

മര്‍ദനത്തെപ്പറ്റി ആരും പരാതി നല്‍കിയിരുന്നില്ലെന്ന് ആറ്റിങ്ങല്‍ സി.ഐ. അനില്‍കുമാര്‍ പറഞ്ഞു. പക്ഷേ, ദൃശ്യങ്ങള്‍ വൈറലായതോടെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ചിറയിന്‍കീഴിലെ ചില ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. അതിനിടെയാണ് പ്രതികളെ തിരിച്ചറിയുന്നത്.

KCN

more recommended stories