മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ അയച്ചത് കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍

ദില്ലി: കഴിഞ്ഞ ദിവസം അരുണാചല്‍പ്രദേശിലെ തവാങില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍പെട്ട് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ അയച്ചത് കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍. രണ്ട് പൈലറ്റുമാരും രണ്ട് ജവാന്മാര്‍ക്കും അടക്കം ഏഴ് വ്യോമസേന ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച എം.ഐ-15 വി5 കോപ്ടര്‍ അപകടത്തില്‍ പെട്ട് മരിച്ചത്. ഞായറാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ അപമാനിക്കുന്ന വിധത്തില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍ അയച്ചത്. സംഭവം വിവാദമായതോടെ സൈന്യത്തിന് പറ്റിയ വീഴ്ചയില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. ‘മാതൃരാജ്യത്തെ സേവിക്കുന്നതിനിടെ വീരമൃത്യൂവരിച്ച ഏഴ് യുവാക്കളെ എങ്ങനെയാണ് വീട്ടിലേക്ക് തിരിച്ചയക്കുന്നതെന്ന് കാണുക’എന്ന അടിക്കുറിപ്പോടെ നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ (റിട്ട) എച്ച്.എസ് പനാഗ് ട്വീറ്റ് ചെയ്തു. ചിത്രം സഹിതമാണ് പനാഗ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇത് ശ്രദ്ധയില്‍പെട്ട അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ സൈനികരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തുമെന്നും മൃതദേഹങ്ങള്‍ തടികൊണ്ടുള്ള പെട്ടികളില്‍ കൊണ്ടുപോകുമെന്നും ഉറപ്പ് നല്‍കി. മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ പ്രദേശികമായി കഴിയാതെ വന്നതോടെയാണ് കാര്‍ഡ്‌ബോര്‍ഡുകള്‍ ഉപയോഗിച്ചതെന്നും സൈന്യം പറയുന്നു. എന്നാല്‍ എന്തുകൊണ്ട് ബോഡി ബാഗുകള്‍ ഉപയോഗിച്ചില്ലഎന്ന ചോദ്യത്തോട് യുക്തമായി പ്രതികരിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

KCN

more recommended stories