കേരളത്തില്‍ കൂടുതല്‍ നീറ്റ് പരീക്ഷാ സെന്ററുകള്‍ അനുവദിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കായുള്ള നാഷണല്‍ എന്‍ട്രന്‍സ് എലിജിബിലിറ്റി (നീറ്റ്) പരീക്ഷാ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കത്ത് നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കേരളത്തില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണത്തിലുള്ള കുറവ് മൂലം കഷ്ടതകള്‍ അനുഭവിക്കുന്നത്. നിലവില്‍ തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്ളത്. വിവിധ സ്ഥലങ്ങളിലുള്ള കുട്ടികള്‍ പലപ്പോഴും ദീര്‍ഘദൂര യാത്രകള്‍ ചെയ്താണ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ നിരവധി നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്ള സാഹചര്യത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപ്പെടുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കേണ്ടത് ഏറെ അത്യാവശ്യമാണ്. കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചു കഴിഞ്ഞാല്‍ കുട്ടികളുടെ ഈ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരമാകും. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് വിശദമായ കത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ കേന്ദ്ര എന്‍ട്രന്‍സ് പരീക്ഷകളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിക്ക് നല്‍കിയിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കൂടി നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രി അറിയിച്ചു. ഈ ആവശ്യത്തിന്റെ വസ്തുതകള്‍ മനസ്സിലാക്കി അനുഭാവപൂര്‍ണ്ണമായ ഒരു മറുപടി കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

KCN

more recommended stories