സിപിഎമ്മിന് സമരം ചെയ്യാന്‍ മാത്രമേ അറിയൂ, ഭരിക്കാനറിയില്ല; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഎമ്മിന് ഭരിക്കാനറിയില്ലെന്നും സമരം ചെയ്യാന്‍ മാത്രമേ അറിയൂ എന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. പെന്‍ഷന്‍ പ്രശ്‌നം ഇത്ര രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാട് കാരണമാണെന്നും, കെഎസ്ആര്‍ടിസിയുടെയും ജീവനക്കാരുടെ പെന്‍ഷന്റെയും ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

നേരത്തെ, കെഎസ്ആര്‍ടിസിയുടെ സാമ്ബത്തിക ബാധ്യത ഇനി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. പ്രതിസന്ധി മറികടക്കാന്‍ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും, കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ലെന്നും, നിയമപരമായ ബാധ്യതയില്ലെങ്കിലും 1984 മുതല്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് സഹായത്തിന്റെ പരമാവധിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

KCN

more recommended stories